Mon. Dec 23rd, 2024
കൊല്ലം:

കൊല്ലം റോസ്മലയിൽ സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ മറവിൽ ഭൂമി കച്ചവടത്തിന് ശ്രമം നടക്കുന്നു എന്ന് ആരോപണം. പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം റോസ് മലയിൽ നടന്ന മുപ്പതിലധികം ഭൂമി ഇടപാടുകളുടെ രേഖകൾ സഹിതം ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികളുടെ ആരോപണം. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെയാണ് പ്രധാനമായും ആരോപണം ഉയരുന്നത്.

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ കുടിയേറ്റ ഗ്രാമമാണ് റോസ്മല. 40 വർഷം മുൻപ് സർക്കാർ നൽകിയ പട്ടയങ്ങളുമായി ജീവിതം തുടങ്ങിയ ജനത. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടുത്തെ ഗ്രാമവാസികളെ ഒഴിപ്പിക്കാനാണ് സർക്കാർ തീരുമാനം. മൊത്തം 250 കുടുംബങ്ങളെ പദ്ധതി പ്രകാരം മാറ്റിപ്പാർപ്പിക്കണം.

മാറിപ്പോകുന്ന കുടുംബത്തിന് ഒരു സെന്‍റ് മുതൽ രണ്ട് ഹെക്ടർ വരെ ഭൂമിയുണ്ടെങ്കിൽ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. രണ്ട് ഹെക്ടറിൽ കൂടുതൽ ഭൂമിയുള്ളവർക്ക് അധികമുള്ള ഓരോ ഹെക്ടറിനേയും ഓരോ പാർപ്പിട യൂണിറ്റായി കണക്കാക്കി 15 ലക്ഷം രൂപ വീതം നൽകും. കുടിയറങ്ങുന്ന കുടുംബങ്ങളിൽ പ്രായപൂർത്തിയായ മക്കൾക്കും വിധവകൾക്കും 15 ലക്ഷം രൂപ വീതം വേറേയും ലഭിക്കും. 2019 ൽ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയതിന് പിന്നാലെ ക്രമക്കേടും ആരംഭിച്ചെന്ന് നാട്ടുകാർ പറയുന്നു.

പുനരധിവാസ പദ്ധതിക്ക് അപേക്ഷ നൽകിയതിൽ ഭൂരിഭാഗം പേരും റോസ്മലയ്ക്ക് പുറത്ത് ഉള്ളവരാണ്. ഇന്നോളം ഈ നാട്ടിൽ ഇല്ലാതിരുന്ന പലരുടെയും പേരിൽ പെട്ടെന്ന് റേഷൻ കാർഡുകൾ ഉണ്ടായതാണ് മറ്റൊരു ദുരൂഹത. വിഷയത്തിൽ ഒരു വിഭാഗം നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഗവർണർക്കും ഹൈക്കോടതിക്കും പരാതി നൽകിയിരിക്കുകയാണ്.