ഇന്ത്യക്കെതിരായ രണ്ടാം ഇന്നിംഗ്സിൽ ന്യൂസീലൻഡിന് 540 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 276 റൺസെടുത്തുനിൽക്കെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 62 റൺസെടുത്ത മായങ്ക് അഗർവാൾ ഇന്ത്യയുടെ ടോപ്പ് സ്കോററായി.
ന്യൂസീലൻഡിനായി അജാസ് പട്ടേൽ മൂന്നും രചിൻ രവീന്ദ്ര മൂന്നും വിക്കറ്റ് വീഴ്ത്തി. ഇതോടെ ആകെ ഈ ടെസ്റ്റിൽ അജാസ് പട്ടേലിൻ്റെ വിക്കറ്റ് സമ്പാദ്യം 14 ആയി. ഇന്ത്യക്കെതിരെ ഒരു ബൗളറുടെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളിംഗ് പ്രകടനമാണ് ഇത്.
വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ഇന്നിംഗ്സ് ആരംഭിച്ചത്. അനായാസം ന്യൂസീലൻഡിനെ നേരിട്ട പൂജാര-മായങ്ക് സഖ്യം ഇന്ന് 38 റൺസ് കൂടി കൂട്ടിച്ചേർത്ത് ആദ്യ വിക്കറ്റിൽ 107 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. മായങ്ക് അഗർവാളാണ് ആദ്യം മടങ്ങിയത്. അഗർവാൾ കൂറ്റൻ ഷോട്ടിനുള്ള ശ്രമത്തിനിടെ വിൽ യങിനു പിടികൊടുത്ത് മടങ്ങുകയായിരുന്നു. ഏറെ വൈകാതെ പൂജാരയും മടങ്ങി.
പൂജാരയെ റൊസ് ടെയ്‌ലർ പിടികൂടി. ശുഭ്മൻ ഗില്ലും വിരാട് കോലിയും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ചില ക്ലോസ് ഷേവുകൾ അതിജീവിച്ച് നിലയുറപ്പിച്ചു. 82 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ ഗിൽ മടങ്ങി. 47 റൺസെടുത്ത താരത്തെ രചിൻ രവീന്ദ്ര ടോം ലതമിൻ്റെ കൈകളിലെത്തിച്ചു.
ഈ വിക്കറ്റിനു ശേഷം ധൃതിയിൽ സ്കോർ ഉയർത്താനായി ഇന്ത്യയുടെ ശ്രമം. ഇതോടെ വേഗം വിക്കറ്റുകളും വീണു. ശ്രേയാസ് അയ്യർ (14), അജാസ് പട്ടേലിൻ്റെ പന്തിൽ ടോം ബ്ലണ്ടൽ സ്റ്റമ്പ് ചെയ്ത് മടങ്ങിയപ്പോൾ കൊഹ്‌ലി (36) രചിൻ രവീന്ദ്രയുടെ പന്തിൽ കുറ്റി തെറിച്ച് പുറത്തായി. വൃദ്ധിമാൻ സാഹ (13) രചിൻ രവീന്ദ്രയുടെ പന്തിൽ ജമീസണു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ജയന്ത് യാദവിനെ (6) അജാസ് പട്ടേൽ സ്വന്തം ബൗളിംഗിൽ പിടികൂടി. 26 പന്തിൽ 41 റൺസെടുത്ത അക്സർ പട്ടേൽ പുറത്താവാതെ നിന്നു.