Fri. Mar 29th, 2024
പള്ളുരുത്തി:

വേമ്പനാട്ട് കായലി​ൻെറ കൈവരിയായ പെരുമ്പടപ്പ് കായലി​ൻെറ പകുതിയോളം കെട്ടിയടച്ചാണ് മൂന്ന് വർഷം മുമ്പ്​ സർക്കാർ അക്വാഫാം തുടങ്ങിയത്. എന്നാൽ, കായലി​ൻെറ പകുതിയോളം കെട്ടിയടച്ചതോടെ ചെറിയ വേലിയേറ്റ സമയത്തുപോലും ഫാമിന് എതിർവശത്തുള്ള കരയിലേക്ക് വെള്ളം കയറുകയാണ്. പെരുമ്പടപ്പ്, കോവളം, ശംഖുംതറ, കരുണാകരൻ റോഡ് എന്നിവിടങ്ങളിലെ നൂറോളം വീട്ടുകാരാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്.

വേലിയേറ്റസമയത്ത് കയറുന്ന വെള്ളത്തിന്​ ഫാം നിർമാണം മൂലം കായലിൽ ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയാണ്. കായൽ കവിഞ്ഞ് വെള്ളം തീരത്തേക്ക് കയറുകയാണ്. ഇതോടെ വീടുകൾക്കുള്ളിലും മുറ്റത്തും റോഡിലും വെള്ളം കയറും. 12 മണിക്കൂർ ഇടവിട്ടുണ്ടാകുന്ന രണ്ട്​ വേലിയേറ്റം മൂലം പ്രതിദിനം നാലു മണിക്കൂർ സമയം പ്രദേശവാസികൾ വെള്ളത്തിലാണ് കഴിച്ചുകൂട്ടേണ്ടത്.

ഫാം നിർമാണവേളയിൽ തന്നെ പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും വെള്ളം തീരത്തേക്ക് കയറുമെന്ന കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധികൃതർ മുഖവിലയ്​ക്കെടുത്തില്ല. കായലിലെ ഉപ്പുവെള്ളം കയറുന്നതോടെ വീടുകളിലെ ചെടികളും സസ്യങ്ങളും നശിക്കുകയാണ്​. വൻ വൃക്ഷങ്ങൾവരെ കരിഞ്ഞുണങ്ങിയിരിക്കുകയാണ്.

കായൽ നികത്തിയതിനു പുറമെ അവശേഷിച്ച കായലിൽ എക്കൽ അടിഞ്ഞിരിക്കുകയാണ്. എക്കൽ നീക്കം ചെയ്യാത്തതും വേലിയേറ്റ സമയത്ത് വെള്ളം ഉയരാൻ വഴിയൊരുക്കുന്നു. അടിയന്തരമായി ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാർ പറയുന്നത്.