കൊല്ലം:
100 ലിറ്ററിന് മേൽ ഡീസലടിക്കുന്ന യാനങ്ങൾക്ക് ഒരു രൂപ ഇളവ് നല്‍കുന്ന പദ്ധതിയുമായി മത്സ്യഫെഡ്. ഇന്ധന വില വർദ്ധന, പ്രതിസന്ധി ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ചുരുക്കം ചില ബോട്ടുകൾക്ക് മാത്രമേ പദ്ധതിയുടെ ഗുണം ലഭിക്കു എന്ന് ബോട്ട്ഉടമകൾ പറയുന്നു .
മത്സ്യമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് മത്സ്യഫെഡ് ഡീസൽ വിലയിൽ സബ്സിഡി നൽകാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് പ്രതിമാസം ശരാശരി 7 ലക്ഷം ലിറ്റർ ഡീസൽ മത്സ്യഫെഡ് ബങ്കുകൾ വഴി മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നുണ്ട്. ഇതിൽ ഇളവ് നൽകുന്നതോടെ പ്രതിമാസം 7 ലക്ഷം രൂപ മത്സ്യഫെഡിന്റെ സഹായമായി തൊഴിലാളികൾക്ക് ലഭിക്കും.
കൊല്ലം ജില്ലയിലെ ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ എന്നിവിടങ്ങളിലാണ് ബങ്കുകൾ ഉള്ളത്. വലിയ ബോട്ടുകൾ 1500 മുതൽ 3000 ലിറ്റർ വരെയും ഇൻബോർഡ് വള്ളങ്ങൾ 250 മുതൽ 300 ലിറ്റർ വരെയുമാണ് അടിക്കുക. സബ്‌സിഡി നൽകുന്നതിനെ സ്വാഗതം ചെയ്യുന്ന ബോട്ടുടമകൾ, എല്ലാ പമ്പുകളിലും സബ്‌സിഡി വേണം എന്നാണ് വാദിക്കുന്നത്. അല്ലാത്ത പക്ഷം പദ്ധതി കൊണ്ട് ഗുണം ഉണ്ടാകില്ല എന്ന് ഇവർ പറയുന്നു.