തൊടുപുഴ:
ജില്ലയിലെ വിദൂര ആദിവാസി മേഖലകളിലെ വിദ്യാർത്ഥികൾ നേരിടുന്ന യാത്രക്ലേശം പരിഹരിക്കാൻ നടപടി. കൊവിഡ്കാലത്ത് സ്കൂളുകൾ അടഞ്ഞുകിടന്നതിനെത്തുടർന്ന് നിലച്ചുപോയ ഗോത്ര സാരഥി പദ്ധതി പുനരാരംഭിക്കാൻ പട്ടികവർഗ വികസന വകുപ്പ് അനുമതി നൽകി. ഇതോടെ വിവിധ പ്രദേശങ്ങളിലെ കുട്ടികളുടെ യാത്രക്ലേശത്തിന് പരിഹാരമാകും.
ഐ ടി ഡി പി ഓഫിസിന് കീഴിലും അടിമാലി ട്രൈബൽ ഡെവലപ്മെൻറ് ഓഫിസിന് കീഴിലുമായി 39 സ്കൂളിലാണ് പദ്ധതിയുള്ളത്. കുട്ടികൾക്ക് എത്തിച്ചേരാൻ പ്രയാസം നേരിടുന്ന സ്കൂളുകളാണിവ. ചെറുവാഹനങ്ങളാണ് കുട്ടികളെ സ്കൂളിലെത്തിക്കാൻ സജ്ജമാക്കുന്നത്.
അടിമാലി, ദേവികുളം പോലുള്ള സ്കൂളുകളിൽ നൂറുകണക്കിന് വിദ്യാർത്ഥികളാണ് പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നത്. കൊവിഡിന് മുമ്പ് പട്ടിക വർഗ വികസന വകുപ്പ് പ്രത്യേകം ഫണ്ട് അനുവദിച്ചിരുന്നു. ഇതിനിടെ പഞ്ചായത്തുകൾ പദ്ധതി വിഹിതത്തിൽനിന്ന് ഫണ്ട് ചിലവഴിച്ച് ഗോത്ര സാരഥി പദ്ധതി ആരംഭിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു.
സ്കൂളുകൾ അടഞ്ഞുകിടന്നതിനാൽ ഈ സാമ്പത്തിക വർഷം പഞ്ചായത്തുകൾ ഫണ്ട് നീക്കിവെക്കാത്തത് പ്രതിസന്ധിക്കിടയാക്കി. സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികൾക്ക് യാത്രക്ലേശം നേരിട്ടു. വനപാതയിലൂടെ കിലോമീറ്ററുകളോളം കാൽനടയായും മറ്റും സഞ്ചരിച്ചാണ് പല ആദിവാസിമേലകളിലെയും കുട്ടികൾ സ്കൂളിലെത്തിയിരുന്നത്.
പലയിടങ്ങളിലും ബസ് സർവിസ് ഇല്ലാത്തതിനാൽ ജീപ്പും ഓട്ടോയുമാണ് ആകെ ആശ്രയം. ഇത് യാത്രക്കൂലി ഇനത്തിൽ വലിയ ബാധ്യതയുണ്ടാക്കി. പല രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ വിടാത്ത സാഹചര്യവുമുണ്ടായി.