Mon. Nov 25th, 2024
കാസർകോട്:

പൊതുമരാമത്തു റോഡുകൾ പണിയുന്ന കരാറുകാരുടെ പേരും ഫോൺ നമ്പറും റോഡരികിൽ പ്രദർശിപ്പിക്കുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി കരാറുകാർ. കരാറുകാരുടെ പ്രശ്നങ്ങൾ ഉൾപ്പെടുത്തിയ ബോർഡ് പൊതുമരാമത്ത് ജില്ലാ ഓഫിസിനു സമീപം സ്ഥാപിച്ചാണ് കേരള ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ യൂത്ത് വിങ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചത്. കഴിഞ്ഞ മാസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് ഇങ്ങനെയാണ്, ‘ എല്ലാ റോഡുകളുടെയും രണ്ടറ്റത്തും ആ റോഡുകളുടെ കാലാവധി, ബന്ധപ്പെട്ട കരാറുകാരന്റെ പേരും ഫോൺ നമ്പരുമുണ്ടാകും’.

സദുദ്ദേശത്തോടെയാണു മന്ത്രി പറഞ്ഞതെന്ന് വിശദീകരണമുണ്ടായെങ്കിലും ഗവൺമെന്റ് കരാറുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ വൈകുന്നു എന്ന വിമർശനമുണ്ടായി. അതോടെയാണ് സ്ഥാപിക്കുന്ന ബോർഡിന്റെ മാതൃകയിൽ കരാറുകാരന്റെ പേരിനൊപ്പം പൊതുമരാമത്തു പദ്ധതികളുടെ നിർമാണത്തിനു മുൻപും ശേഷവും നേരിടുന്ന പ്രയാസങ്ങൾ ബോർഡായി സ്ഥാപിച്ച് പ്രതിഷേധിച്ചത്. ചുരുക്കം പ്രശ്നങ്ങൾ മാത്രമാണ് ബോർഡിൽ ഉന്നയിച്ചതെന്നു ഭാരവാഹികൾ‍ പറഞ്ഞു.

തിരഞ്ഞെടുപ്പിനും മറ്റും രാഷ്ട്രീയ പാർട്ടികൾക്കു പിരിവു നൽകുന്ന തുക, നേതാക്കളുടെ പേരുൾപ്പെടുത്താൻ ഫലകം സ്ഥാപിക്കുന്ന ചെലവ് തുടങ്ങി തുടങ്ങി കരാറുകാർ നേരിടുന്ന പ്രശ്നങ്ങൾ അക്കമിട്ടു നിരത്തിയാണു ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കരാറുകാരെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും പൊതുമരാമത്തു വകുപ്പിന്റെ എല്ലാ പ്രശ്നങ്ങൾക്കും കരാറുകാരാണ് ഉത്തരവാദികളെന്നു സ്ഥാപിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നും കേരള ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ യൂത്ത് വിങ് ഭാരവാഹികൾ പറഞ്ഞു.