Sat. Oct 11th, 2025 12:52:25 AM
മലപ്പുറം:

ലബോറട്ടറി ഉണ്ടായിട്ടും ലാബ് ടെക്നിഷ്യൻ തസ്തികയില്ലാതെ സംസ്ഥാനത്ത് 264 കുടുംബാരോഗ്യ കേന്ദ്രങ്ങൾ. ഇതടക്കം സംസ്ഥാനത്ത് 1518 ലാബ് ടെക്നിഷ്യൻ തസ്തികകൾ വേണമെന്ന് എല്ലാ ജില്ലകളിലെയും മെഡിക്കൽ ഓഫിസർമാർ ആരോഗ്യ വകുപ്പിനെ അറിയിച്ച് മാസങ്ങളായിട്ടും നടപടിയില്ല. കൊവിഡ് കാലത്ത് ലാബ് ടെക്നിഷ്യൻമാരുടെ ആവശ്യകത ബോധ്യമായതിനാൽ തസ്തിക സൃഷ്ടിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

നിലവിൽ സംസ്ഥാനത്ത് 1445 ലാബ് ടെക്നിഷ്യൻമാരുടെ സ്ഥിരം തസ്തികയാണുള്ളത്. ഇതിന്റെ ഇരട്ടിയിലധികം താൽക്കാലിക ജീവനക്കാരെ നിയമിച്ചാണ് ആരോഗ്യവകുപ്പ് മുന്നോട്ടു പോകുന്നതെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. തുച്ഛമായ ശമ്പളത്തിന് താൽക്കാലിക ജീവനക്കാരെ നിയമിക്കുമ്പോൾ മികച്ച അവസരം ലഭിക്കുന്നവർ ജോലി ഉപേക്ഷിച്ചു പോകുകയും മാസങ്ങളോളം ലബോറട്ടറി അടഞ്ഞുകിടക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നുണ്ടെന്നും അവർ പറയുന്നു.

മഹാമാരിക്കാലത്ത് ഇത് വലിയ പ്രതിസന്ധിയാണ് സർക്കാർ ആശുപത്രികളിൽ സൃഷ്ടിക്കുന്നത്.ആർദ്രം പദ്ധതി വഴി സംസ്ഥാനത്തെ ഒട്ടുമിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയപ്പോൾ ലാബ് സൗകര്യങ്ങളൊരുക്കിയെങ്കിലും ടെക്നിഷ്യൻമാരെ നിയമിച്ചില്ല. ആർദ്രം രണ്ടാം ഘട്ടത്തിൽ ലാബ് തയാറാക്കിയിട്ടും 171 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മൂന്നാം ഘട്ടത്തിൽ 93 കേന്ദ്രങ്ങളിലും തസ്തിക സൃഷ്ടിച്ചില്ല.

ഒന്നാം ഘട്ടത്തിൽ ലാബുകൾക്ക് 2 വീതം തസ്തിക അനുവദിച്ചതിനാൽ ഈ കേന്ദ്രങ്ങളുടെ ഇരട്ടി എണ്ണം തസ്തികകൾക്കും സാഹചര്യമുണ്ട്.നിലവിലെ പിഎസ്‌സി റാങ്ക് പട്ടിക പ്രകാരം നാമമാത്ര നിയമനമേ നടന്നിട്ടുള്ളൂ. തസ്തിക സൃഷ്ടിക്കാനായാൽ കൂടുതൽ പേർക്ക് നിയമന സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ഇനിയെങ്കിലും നടപടി വേണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.