മനില:
സമാധാന നൊബേൽ പുരസ്കാരം ഏറ്റുവാങ്ങാൻ മാധ്യമപ്രവർത്തക മരിയ റെസ്സക്ക് യാത്രാനുമതി നൽകി ഫിലിപ്പീൻസ് കോടതി. ഓസ്ലോയിൽ അടുത്തയാഴ്ച നടക്കുന്ന ചടങ്ങിലാണ് പുരസ്കാര വിതരണം.
ഡിസംബർ എട്ടിന് ഫിലിപ്പീൻസിൽനിന്ന് യാത്രതിരിച്ച് 13നു തിരിച്ചെത്തണം. റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറാതോവിനൊപ്പമാണ് ഫിലിപ്പീൻസ് മാധ്യമമായ റാപ്ലറിൻ്റെ സി ഇ ഒ ആയ മരിയ സമാധാന നൊബേൽ പങ്കിട്ടത്.
നൊബേൽ ലഭിച്ചതിനു പിന്നാലെ ഹാർവഡ് യൂനിവേഴ്സിറ്റിയിലെ പ്രഭാഷണത്തിൻ്റെ ഭാഗമായി യു എസിലേക്ക് യാത്ര ചെയ്യാനും കോടതി അനുമതി നൽകിയിരുന്നു. അതേസമയം, 2020ലെ ഇൻറർനാഷനൽ പ്രസ് ഫ്രീഡം പുരസ്കാരം ഏറ്റുവാങ്ങാൻ യു എസിലേക്ക് പോകാൻ കോടതി അനുമതി നൽകിയിരുന്നില്ല. യു എസിൽ കഴിയുന്ന അമ്മയെ കാണാൻ അനുവദിക്കണമെന്ന മരിയയുടെ അപേക്ഷയും കോടതി തള്ളി.
മയക്കുമരുന്നുവേട്ടയുടെ പേരിൽ പ്രസിഡൻറ് റൊഡ്രിഗോ ദുതേർതെ നടത്തിയ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് നിരന്തരം റിപ്പോർട്ടുകൾ നൽകിയതിനെ തുടർന്ന് മരിയ ഭരണകൂടത്തിെൻറ നോട്ടപ്പുള്ളിയാണ്. നിരവധി കേസുകളും ഇവർക്കെതിരെ സർക്കാർ നൽകിയിരുന്നു.