Fri. Nov 22nd, 2024
അട്ടപ്പാടി:

അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ചികിത്സയ്ക്കായി നല്‍കുന്ന ഫണ്ട് വകമാറ്റി. ആദിവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ നല്‍കുന്ന തുക താത്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് വകമാറ്റിയെന്നാണ് മുന്‍ ട്രൈബല്‍ ഓഫീസർ ചന്ദ്രന്‍ വെളിപ്പെടുത്തുന്നത്.

മനസിന് അസ്വാസ്ഥ്യമുള്ള മകനുമായി ചികിത്സയ്ക്ക് പോയി വെള്ളങ്കിരി തിരികെയെത്തിയിട്ട് രണ്ടുമാസത്തിലേറെയായി. ഇതുവരെയും കൂട്ടിരിപ്പുകാര്‍ക്ക് നല്‍കുന്ന 200 രൂപ കിട്ടിയില്ലെന്ന് വെള്ളങ്കിരി പറയുന്നു. ഇതേ ഊരിലെ ടിബി രോഗിയായ ശ്യാലിനി എന്ന പെണ്‍കുട്ടിയ്ക്ക് പറയാനുള്ളതും സമാന അനുഭവം.

ആദിവാസികളായ രോഗികള്‍ ആശുപത്രിയില്‍ അഡ്മിറ്റാവുന്പോള്‍ രോഗികളായ ആദിവാസികള്‍ക്ക് 150 രൂപയും കൂട്ടിരിപ്പുകാര്‍ക്ക് 200 രൂപയുമാണ് അലവന്‍സായി അനുവദിച്ചിരിക്കുന്നത്. ട്രൈബല്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഫണ്ട് കോട്ടത്തറ ട്രൈബര്‍ ആശുപത്രി വകമാറ്റി ചെലവഴിച്ചു എന്ന് മുന്‍ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസര്‍ പറയുന്നു.

ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം വാങ്ങുന്നതിന് നല്‍കുന്ന ജനനി ജന്മരക്ഷ പദ്ധതിയുടെ തുക മാസങ്ങളായി നല്‍കുന്നില്ലെന്ന പരാതിക്കു പിന്നാലെയാണ് മറ്റൊരു ക്ഷേമ പദ്ധതിയും കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയർന്നിരിക്കുന്നത്.