Sun. Dec 22nd, 2024

‘പ്രേമം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ആറ് വര്‍ഷത്തിനിപ്പുറമാണ് അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തില്‍ ഒരു ചിത്രം വരുന്നത്. ഒന്നല്ല, രണ്ട് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഫഹദ് ഫാസില്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘പാട്ട്’ എന്ന ചിത്രമാണ് ഇടവേളയ്ക്കുശേഷം ആദ്യം പ്രഖ്യാപിക്കപ്പെട്ടതെങ്കിലും ആദ്യം ചിത്രീകരണം ആരംഭിച്ചത് മറ്റൊരു ചിത്രമാണ്.

പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഗോള്‍ഡ്’ ആണ് ഈ ചിത്രം. മുന്‍കൂര്‍ പ്രഖ്യാപനങ്ങളില്ലാതെ നേരിട്ട് ചിത്രീകരണത്തിലേക്ക് കടന്ന സിനിമ നിലവില്‍ എഡിറ്റിംഗ് ഗേബിളിലാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ആദ്യമായി സംസാരിക്കുകയാണ് സംവിധായകന്‍. നേരത്തെ നേരത്തെക്കുറിച്ചും പ്രേമത്തെക്കുറിച്ചും പറഞ്ഞതുപോലെ പ്രത്യേകതകളൊന്നുമില്ലാത്ത ചിത്രമെന്നാണ് ഗോള്‍ഡിനെക്കുറിച്ചും അല്‍ഫോന്‍സ് പറയുന്നത്.

“ഗോൾഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ്! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്”, അല്‍ഫോന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.