നെടുമ്പാശേരി:
ആർടിപിസിആർ പരിശോധനയുമായി ബന്ധപ്പെട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ തർക്കം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യാത്രക്കാരും തമ്മിലെ പ്രശ്നം പൊലീസ്‍ എത്തിയാണ് പരിഹരിച്ചത്. ചൊവ്വാഴ്ച രാത്രി സിംഗപ്പൂരിൽ നിന്നെത്തിയ വിമാനത്തിലെ ഏതാനും യാത്രക്കാരുടെ പരിശോധനയാണ് പ്രശ്നമായത്.
ചൊവ്വാഴ്ച രാത്രി 12 മണി മുതലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ഒമിക്രോൺ കോവിഡ് വകഭേദ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. സിംഗപ്പൂർ വിമാനമെത്തിയത് രാത്രി 11.30ന്. ഇവർ ഇമിഗ്രേഷൻ പരിശോധനകൾ കഴിഞ്ഞ് ആരോഗ്യ വകുപ്പിന്റെ കൗണ്ടറിൽ എത്തിയപ്പോഴേക്കും 12 മണി കഴിഞ്ഞതിനാൽ ആർടിപിസിആർ പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
ആർടിപിസിആർ പരിശോധനാ ഫലം വരാൻ 5 മണിക്കൂർ വരെ എടുത്തേക്കാമെന്നതിനാൽ അത്രയും സമയം കൂടി ഇവർ വിമാനത്താവളത്തിൽ തുടരേണ്ടി വരുമെന്നതിനാൽ യാത്രക്കാർ എതിർത്തു. തങ്ങൾ 11.30ന് എത്തിയതാണെന്നും 12 മണിക്കേ പുതിയ നിബന്ധനകൾ നിലവിൽ വരികയുള്ളൂ എന്നും ഇവർ വാദിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദേശം പാലിച്ചില്ലെങ്കിൽ കേസെടുക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചതോടെ യാത്രക്കാർ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരായി.