Mon. Nov 25th, 2024
കണ്ണൂർ:

കോർപ്പറേഷനിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച കമ്പനികൾ നികുതിയിനത്തിൽഅടയ്‌ക്കാനുള്ളത്‌ ലക്ഷങ്ങൾ. രണ്ടുമുതൽ എട്ടുവർഷംവരെ നികുതി കുടിശ്ശികയാക്കിയകമ്പനികളുണ്ട്‌. വൻകിട കമ്പനികളിൽനിന്ന്‌ നികുതി പിരിച്ചെടുക്കുന്നതിൽ കോർപ്പറേഷൻ കാണിക്കുന്ന ഉദാസീനതയിൽ സർക്കാരിന്‌ നഷ്ടമാകുന്നത്‌ ലക്ഷങ്ങൾ.

ഭൂരിഭാഗം ഡിവിഷനിലും ടവറുകളുണ്ട്‌. വ്യത്യസ്‌ത സേവനദാതാക്കൾ ഒരേ ടവർ തന്നെ ഉപയോഗിക്കുന്നുമുണ്ട്‌. നികുതി നിശ്‌ചയിച്ചാണ്‌ കോർപ്പറേഷൻ അനുമതി നൽകുന്നത്‌. തറവിസ്‌തീർണത്തിന്റെ അടിസ്ഥാനനികുതിയും നിയമപരമായ അധിക നികുതിയും ചേരുമ്പോൾ ചുരുങ്ങിയത്‌ പതിനായിരം രൂപയെങ്കിലും ഒരു ടവറിന്‌ പ്രതിവർഷം അടക്കേണ്ടിവരും.

എടക്കാട്‌ കൊശോർമൂലയിലെ ടി കെ രാജീവന്‌ വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ്‌ നികുതിയടക്കാത്ത കമ്പനികളുടെ വിവരങ്ങളുള്ളത്‌. വിഷൻ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌, ഭാരതി സെല്ലുലാർ, എയർ ടെൽ, വയർലെസ്‌ ടിടി ഇൻഫോസർവീസ്‌, ബിഎസ്‌എൻഎൽ, ഇൻഡസ്‌ ടവേഴ്‌സ്‌, ഐഡിയ, വയോമസ്‌ നെറ്റ്‌വർക്ക്‌, റിലയൻസ്‌ ടെലി കമ്യൂണിക്കേഷൻ, ടാറ്റാ ടെലി സർവീസ്‌, എസ്‌ ആർ സെല്ലുലാർ, വോഡാഫോൺ എസ്‌ ആർ, എസ്‌കോട്ടെൽ മൊബൈൽ കമ്യൂണിക്കേഷൻ, ചെന്നൈ നെറ്റ്‌വർക്ക്‌ ഇൻഫ്രാസ്‌ട്രക്‌ചർ, റിലയൻസ്‌ ജിയോ ഇൻഫോകോം, എയർ സെൽ ഡിഷ്‌നെറ്റ്‌ വയർലെസ്‌ ലിമിറ്റഡ്‌ തുടങ്ങിയ കമ്പനികളാണ്‌ ടവർ സ്ഥാപിച്ചത്‌.

ചേലോറ സോണലിൽ ഭാരതി സെല്ലുലാറും എയർടെല്ലും 2013 മുതലുള്ള നികുതിയടയ്‌ക്കാനുണ്ട്‌. ബിഎസ്‌എൻഎൽ 2015 മുതലും വയർലസ്‌ ടി ടി ഇൻഫോ സർവീസ്‌ 2016 മുതലും നികുതി കുടിശ്ശികയാണ്‌. പുഴാതി സോണലിൽ ഭാരതി ടെലിവെഞ്ചറുംവയർലസ്‌ ടി ടി ഇൻഫോ സർവീസസും റിലയൻസ്‌ ഇൻഡസ്‌ട്രീസും 2013 മുതലും ചെന്നെ നെറ്റ്‌വർക്ക്‌ ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ്‌ 2016 മുതലും നികുതിയടക്കാനുണ്ട്‌. ഭൂരിഭാഗം കമ്പനികളും 2018 മുതൽ നികുതി കുടിശ്ശികയാക്കിയിട്ടുണ്ട്‌. തദ്ദേശസ്ഥാപനങ്ങൾ നികുതിപിരിവിൽ 100 ശതമാനം ലക്ഷ്യം കാണുമ്പോഴാണ്‌ കോർപ്പറേഷന്റെ ഉദാസീനത.