Mon. Dec 23rd, 2024

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കുഞ്ഞാലിമരക്കാർ തിയറ്ററുകളിലെത്തി. അര്‍ധരാത്രി മുതല്‍ തിയറ്ററുകളിൽ സിനിമാ പ്രദർശനം ആരംഭിച്ചു. ആദ്യ പ്രദര്‍ശനത്തിന്റെ ആവേശത്തില്‍ പങ്കുചേരാന്‍ മോഹന്‍ലാലും കുടുംബവും കൊച്ചി സരിതാ തിയറ്ററിലെത്തി.

സിനിമയുടെ നിർമാതാവ് ആന്‍റണി പെരുമ്പാവൂർ, നടൻമാരായ സിദ്ദിഖ്, ഉണ്ണി മുകുന്ദൻ, ഹണിറോസ് തുടങ്ങിയ താരങ്ങളും തിയറ്ററില്‍ എത്തി. ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാർ പ്രദർശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ഈ ചിത്രത്തിന് ഉണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

“തീര്‍ച്ചയായും തിയറ്ററില്‍ കാണേണ്ട സിനിമ തന്നെയാണിത്. ഭാഗ്യവശാല്‍ സിനിമ തിയറ്ററിലെത്തിക്കാന്‍ പറ്റി. വളരെയധികം സന്തോഷം. മലയാള സിനിമയില്‍ ഇങ്ങനെയൊരു സിനിമ ആദ്യമാണ്. ഈ സിനിമ തിയറ്ററില്‍ കാണാന്‍ ആഗ്രഹിച്ചയാളാണ് ഞാന്‍. ഏറ്റവും കൂടുതല്‍ ദിവസം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയട്ടെയെന്ന് പ്രാര്‍ഥിക്കുന്നു”. സിനിമ കണ്ടിറങ്ങിയതിനുശേഷം മോഹൻലാൽ പറഞ്ഞു.