Thu. Apr 25th, 2024
തലശ്ശേരി:

തലശ്ശേരിയിലെ ബിജെപി പ്രവർത്തകരുടെ വിദ്വേഷ മുദ്രാവാക്യത്തിൽ പൊലീസ് കേസ് എടുത്തു. കണ്ടാലറിയാവുന്ന 25ൽ അധികം ബിജെപി പ്രവർത്തകർക്കെതിരെയാണ് കേസ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.

ഐപിസി 143, 147, 153എ, 149 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഡിവൈഎഫ്ഐയും എസ്ഡിപിഐയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.

തലശ്ശേരിയിൽ കെ ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെ ആയിരുന്നു പ്രവർത്തകരുടെ വിദ്വേഷ മുദ്രാവാക്യം വിളി. നിസ്കരിക്കാൻ പള്ളികൾ ഉണ്ടാവില്ലെന്നും ബാങ്ക് വിളികൾ കേൾക്കേണ്ടി വരില്ലെന്നുമായിരുന്നു ഒരു സംഘം പ്രവർത്തകരുടെ ആക്രോശം.

ജയകൃഷ്ണനെ വെട്ടിയവർ ആയുസ് ഒടുങ്ങി മരിക്കില്ലെന്നും ആർഎസ്എസിന്‍റെ കോടതിയിൽ ഇവർക്കുള്ള ശിക്ഷ നടപ്പിലാക്കുമെന്നും അടക്കം മറ്റ്‌ നിരവധി പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രകടനത്തിൽ ഉടനീളം ഉയർന്നു. പൊലീസിന്‍റെയും ബിജെപിയുടെ മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഈ വെല്ലുവിളി.