ആലുവ:
പൊലീസ് പിടികൂടുന്ന വാഹനങ്ങൾ സ്റ്റേഷനു മുൻപിലെ ആലുവ–മൂന്നാർ റോഡിൽ അനിശ്ചിതമായി പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. കിഴക്കുവശത്തു പിഡബ്ല്യുഡി വീതിയേറിയ നടപ്പാത നിർമിച്ചതോടെ വിസ്തൃതി ചുരുങ്ങിയ റോഡിലാണു കേസിൽ പെട്ട വാഹനങ്ങൾ അപകടഭീഷണി ഉയർത്തുന്നത്. ആലുവ മെട്രോ സ്റ്റേഷനു സമീപം ബൈപാസ് മേൽപാലത്തിനു താഴെയുള്ള അനധികൃത ലോറി പാർക്കിങ്.
മതിയായ രേഖകളില്ലാതെ കോൺക്രീറ്റ് സ്ലാബുകൾ കയറ്റിക്കൊണ്ടു പോയതിനു പൊലീസ് പിടികൂടിയ കൂറ്റൻ ലോറി 10 ദിവസമായി റോഡിന്റെ നടുവിലാണു കിടക്കുന്നത്. ഇവിടെ ഇരുവശത്തേക്കും വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാനാവില്ല.വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിയിൽ ലോറി കിടക്കുന്നതു വാഹനം ഓടിക്കുന്നവർക്കു കാണാനുമാകില്ല.
കസ്റ്റഡിയിലുള്ള വാഹനങ്ങൾ റോഡിൽ ഇടുന്നതിനെതിരെ നാട്ടുകാർ നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആലുവ പൊലീസിനു പലവട്ടം താക്കീതു നൽകിയിരുന്നു. തുടർന്നു വർഷങ്ങളായി റോഡിൽ കിടന്നിരുന്ന വാഹനങ്ങൾ അടുത്തിടെ നീക്കി. അവിടെത്തന്നെ വീണ്ടും കസ്റ്റഡി വാഹനങ്ങൾ ഇടാൻ തുടങ്ങിയതോടെ കമ്മിഷൻ ഇടപെടലിനു ഫലം ഇല്ലാതായി.