Wed. Jan 22nd, 2025
ന്യൂഡൽഹി:

സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടതിന്​ ഫേസ്​ബുക്​ സി ഇ ഒ മാർക്ക്​ സക്കർബർഗിനെതിരെ എഫ് ഐ ആർ. യു പിയിലെ കനൗജ്​ ജില്ലയിലാണ്​ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സക്കർബർഗിന്​ പുറമെ പോസ്റ്റുമായി ബന്ധപ്പെട്ട 49 പേർക്കെതിരെയും കേസെടുത്തു.

എന്നാൽ, അഖിലേഷ്​ യാദവിനെതിരെ സക്കർബർഗ്​ അപകീർത്തികരമായ യാതൊരു പോസ്റ്റും ഇട്ടിട്ടില്ല. അഖിലേഷ്​ യാദവിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്താൻ സക്കർബർഗിന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോം ഉപയോഗിച്ചുവെന്നാണ്​ കേസ്​. സാരഹട്ടി ഗ്രാമത്തിലെ അമിത്​ കുമാർ എന്ന വ്യക്തിയാണ്​ പരാതിക്ക്​ പിന്നിൽ.

‘ബുവ ബാബുവ’ എന്ന പേരിലുള്ള ഫേസ്​ബുക് പേജിലൂടെ സമാജ്​വാദി പാർട്ടി അധ്യക്ഷന്‍റെ പ്രതിശ്ചായ തകർക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. 2019ലെ ലോക്​സഭ തിരഞ്ഞെടുപ്പിൽ ബിഎസ്പി നേതാവ്​ മായാവതി- അഖിലേഷ്​ യാദവ്​ സഖ്യത്തെ പരിഹസിച്ച്​ വിളിച്ചിരുന്ന ​പേരാണ്​ ബുവ ബാബുവ.

‘അന്വേഷണത്തിൽ ഫേസ്​ബുക്ക്​ സിഇഒ മാർക്ക്​ സക്കർബർഗിന്‍റെ പേര്​ ഒഴിവാക്കി. എന്നാൽ ഫേസ്​ബുക്​ പേജിന്‍റെ ​അഡ്​മിനി​സ്​ട്രേറ്റർക്കെതിരായ പരാതി അന്വേഷിക്കും’ -മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു.