Mon. Dec 23rd, 2024

സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ കേരളത്തിന് വിജയത്തുടക്കം. ദക്ഷിണമേഖലാ യോഗ്യതാ മല്‍സരത്തില്‍ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് കേരളം തോല്‍പിച്ചത്. ലക്ഷദ്വീപിനെതിരെ ആദ്യ വിസില്‍ മുതല്‍ കേരളത്തിന്‍റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍.

നാലാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ നിജോ ഗില്‍ബര്‍ട്ടാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. പതിനൊന്നാം മിനിട്ടില്‍ കേരളത്തിന്‍റെ അതിവേഗ പ്രത്യാക്രമണത്തില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. മധ്യനിരതാരം ജെസിനാണ് കേരളത്തിന്‍റെ ലീഡുയര്‍ത്തിയത്. 

പ്രതിരോധനിര താരം ഉബൈദുല്ല ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ലക്ഷദ്വീപ് പത്ത് പേരിലേക്ക് ചുരുങ്ങി. അധികം വൈകാതെ തന്നെ പ്രതിരോധനിര താരം തന്‍വീറിന്‍റെ ഓണ്‍ ഗോളില്‍ കേരളം ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ ലക്ഷദ്വീപ് പൂര്‍ണമായും പ്രതിരോധത്തിലേക്ക് പിന്‍വലിഞ്ഞു.

പക്ഷേ ദ്വീപ് പ്രതിരോധത്തിലേക്ക് കടന്നു കയറിയ രാജേഷ് എണ്‍പത്തിമൂന്നാം മിനിട്ടില്‍ ലീഡുയര്‍ത്തി. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയായിരുന്നു അര്‍ജുന്‍ ജയരാജിന്‍റെ വക അഞ്ചാം ഗോള്‍. വെള്ളിയാഴ്ച ആന്‍ഡമാന്‍ നിക്കോബാറുമായാണ് കേരളത്തിന്‍റെ അടുത്ത മല്‍സരം.