Wed. Jan 22nd, 2025
കൊല്ലം

വിനോദസഞ്ചാരത്തിന്‌ പുത്തൻകവാടം തുറന്ന്‌ വളർത്തുമൃഗങ്ങൾക്കുള്ള രാജ്യത്തെ ആദ്യ മ്യൂസിയം കുരിയോട്ടുമലയിൽ ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുരിയോട്ടുമലയിലെ 108 ഏക്കർ ഹൈടെക്- ഡെയറി ഫാമിലാണ്‌ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ ഡൊമസ്റ്റിക്- അനിമൽ മ്യൂസിയം സ്ഥാപിക്കുന്നത്‌. കോട്ടേജുകൾ, ചിൽഡ്രൻസ്- പാർക്ക്-, സൈക്ലിങ്‌-, പക്ഷികളുടെയും മൃഗങ്ങളുടെയും പ്രദർശന യൂണിറ്റ്‌ എന്നിവയുണ്ടാകും.

ഒരുകോടി രൂപയുടെ മൂന്നു കോട്ടേജിന്റെ നിർമാണം, കുതിരസവാരി ഷെഡ്‌, ഗസ്റ്റ്‌ഹൗസ്‌ എന്നിവയുടെ നിർമാണം ഭവനനിർമാണ ബോർഡിന്റെ ചുമതലയിൽ പുരോഗമിക്കുന്നു. നാൽപ്പതു ലക്ഷം രൂപ ചെലവിൽ നടപ്പാക്കുന്ന സൗന്ദര്യവൽക്കരണ പദ്ധതിയുടെ നിർമാണച്ചുമതല പിഡബ്ല്യുഡിക്കാണ്‌. 15 ലക്ഷം രൂപ ചെലവിൽ വിവിധ മൃഗങ്ങളുടെയും പക്ഷികളുടെയും രൂപകൽപ്പന നടന്നുവരുന്നു.

1.9 കോടി ചെലവിൽ മുയലിന്റെയും ആടിന്റെയും പുതിയ ഷെഡ്‌ നിർമാണവും പൂർത്തിയാകുന്നു. 1.25 കോടി ചെലവിൽ കുട്ടവഞ്ചി സവാരിക്കുള്ള സൗകര്യം ഒരുക്കൽ മാർച്ചിൽ പൂർത്തിയാകും. കൃത്രിമ തടാകം നിർമിച്ചാണ്‌ കുട്ടവഞ്ചി സവാരി ഒരുക്കുന്നത്‌.

വിവിധയിനം പക്ഷികളെയും ആടിനെയും വാങ്ങാനും നടപടിയായി. പാലരുവി, തെന്മല, കുമ്പാരുകുട്ടി തുടങ്ങിയ വിനോദസഞ്ചാരമേഖലകളുമായി ബന്ധിപ്പിച്ച്‌ കൂടുതൽ വിദേശ–ആഭ്യന്തര ടൂറിസ്റ്റുകളെ കുരിയോട്ടുമലയിൽ എത്തിക്കുകയാണ്‌ ജില്ലാ പ ഞ്ചായത്തിന്റെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം കെ ഡാനിയലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നിർമാണ പുരോഗതി വിലയിരുത്തി.

ഫെബ്രുവരിയിൽ ഉദ്‌ഘാടനം നടത്താൻ കഴിയുംവിധം ജനുവരി 31നകം നിർമാണം പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ നജീബത്ത്‌, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ എൻ എസ്‌ പ്രസന്നകുമാർ, സുനിത രാജേഷ്‌ എന്നിവർ സംസാരിച്ചു.