Sun. Dec 22nd, 2024
കണ്ണൂർ:

കണ്ണൂര്‍ ആറളം ഫാമില്‍നിന്നും വന്‍തോതില്‍ ചൂരല്‍മുറിച്ച് കടത്തുന്നു. ഫാമിലെ പതിമൂന്നാം ബ്ലോക്കില്‍നിന്നുമാണ് വര്‍ഷങ്ങള്‍ പഴക്കമുളള ചൂരലുകള്‍മുറിച്ച് കടത്തുന്നത്. ദുരന്ത നിവാരണ സമിതിയുടെ അനുമതിയോടെയാണ് ചൂരല്‍മുറിക്കുന്നതെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം.

ഫാമിലെ പതിമൂന്നാം ബ്ലോക്കില്‍നിന്നും 2000 ചൂരലുകള്‍മുറിച്ച് മാറ്റാനാണ് കൊട്ടിയൂര്‍റെയ്ഞ്ച് ഓഫീസര്‍അനുമതി നല്‍കിയത്. ഈ അനുമതിയുടെ മറവില്‍ ഇവിടെ നിന്ന് മുറിച്ച് കടത്തിയതാവട്ടെ ലോഡ് കണക്കിന് ചൂരലുകളും. എത്ര ചൂരലുകള്‍മുറിച്ചെന്നത് സംബന്ധിച്ച് വനം വകുപ്പിന്‍റെ കയ്യിലും കൃത്യമായ രേഖയില്ല.

വന്യമൃഗശല്യം രൂക്ഷമായതിനാല്‍ പുനരധിവാസ മേഖലയിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് ചൂരലുകള്‍ മുറിച്ചു മാറ്റുന്നതെന്നാണ് ഡി ആർ ഡി എം അധികൃതരുടെ വിശദീകരണം. എന്നാല്‍ ചൂരല്‍മുറിച്ച പ്രദേശത്തോ അതിന് സമീപമോ നിലവില്‍ ആരും താമസക്കാരായില്ല. മാത്രവുമല്ല, മൂര്‍ച്ചയേറിയ മുള്ളുകളുള്ള ചൂരലുകള്‍ വന്യമൃഗങ്ങളെ പ്രതിരോധിക്കാനാണ് ഉപകരിക്കുകയെന്നും നാട്ടുകാര്‍ പറയുന്നു. അറുപതിലധികം കാട്ടാനകള്‍തമ്പടിച്ചിട്ടുളള ഫാമില്‍ കാടുകള്‍വെട്ടി മാറ്റന്‍ ഒരു നടപടിയും സ്വീകരിക്കാത്ത അധികൃതര്‍ തിരക്കിട്ട് ചൂരല്‍മുറിക്കാന്‍ അനുമതി നല്‍കിയതും ദുരൂഹമാണ്.