Fri. Nov 22nd, 2024
കോളിയാർ:

കോ‌ടോം ബേളൂർ പഞ്ചായത്തിലെ മുക്കുഴി പാൽക്കുളത്തെ നാഷനൽ കരിങ്കൽ ക്വാറിയിൽ ഇന്നലെ ഉച്ചയോടെയുണ്ടായ അത്യുഗ്ര സ്ഫോടനത്തിലും തുടർന്നുണ്ടായ മരണത്തിലും ഞെട്ടിത്തരിച്ച് പാൽക്കുളം നിവാസികൾ‍. 4 മണിയോടെയാണു പാറപൊട്ടിക്കാനായി നിറച്ചിരുന്ന വെടിമരുന്ന് മിന്നലിന്റെ ആഘാതത്തിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വെടിമരുന്നിനു തിരി കൊളുത്താനായി സ്ഥാപിച്ച ഇലക്ട്രിക് ഉപകരണത്തിൽ നിന്നു മിന്നലിനെ തുടർന്നു വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിന് കാരണം.

മുക്കുഴി കത്തുണ്ടിയിലെ രമേശനാണ് അപകടത്തിൽ മരിച്ചത്.വെള്ളരിക്കുണ്ട് തഹസിൽദാർ പിവി മുരളി, അമ്പലത്തറ എസ്ഐമാരായ ടിവി ദാമോദരൻ, മൈക്കിൾ സെബാസ്റ്റ്യൻ, തായന്നൂർ സ്പെഷൽ വില്ലേജ് ഓഫിസർ സുരേഷ്, പഞ്ചായത്തംഗം എം വി ജഗന്നാഥ് എന്നിവർ‍ സ്ഥലത്തെത്തി. ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ തഹസിൽദാർ നിർദേശം നൽകിയിട്ടുണ്ട്.

വൈകിട്ട് നാലോടെയാണ്‌ പാൽക്കുളത്തെ നാഷണൽ കരിങ്കൽ ക്വാറിയിൽ അപകടമുണ്ടായത്‌.  മഴ വരുന്നതിന് മുമ്പ് തന്നെ പാറ പൊട്ടിക്കുന്നതിന് ഉണ്ടാക്കിയ കുഴിയിൽ വെടിമരുന്ന് നിറച്ചു വെച്ചിരുന്നു. ഉടൻ മഴ വരില്ലെന്ന് കരുതി; പൊട്ടിക്കാം എന്ന് പറഞ്ഞാണ് തൊഴിലാളികൾ താഴെ ഇറങ്ങിയത്.

താഴെ ഇറങ്ങി സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ്  മിന്നലിൽ വെടിമരുന്നിന് തീപിടിച്ചത്. കല്ലുകൾ പൊട്ടി തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. തൊഴിലാളികൾ കല്ലിനടിയിൽപ്പെട്ടു. 

പുകപടലങ്ങൾ കൊണ്ട് ക്വാറിയാകെ നിറഞ്ഞു.  എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയായിരുന്നു എല്ലാവരും. കൂടുതൽ ആളുകൾ എത്തിയാണ് ക്വാറിയിൽ ഇറങ്ങി തൊഴിലാളികളെ കരക്ക് കയറ്റിയത്.  പുറത്ത് എടുത്തപ്പോൾ തന്നെ രമേശൻ ബോധരഹിതനായിരുന്നു.

കുടുംബത്തിന്റെ അത്താണിയെയാണ്‌ രമേശന്റെ വേർപാടിൽ  നഷ്‌ടമായത്‌. ക്വാറിയിൽ എത്ര തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്ന വ്യക്തത ഇല്ലാത്തതും നാട്ടുകാരെ ഏറെനേരം ആശങ്കയിലാക്കി.  പരിക്കേറ്റവരിൽ നിന്നും വിവരം ശേഖരിച്ചാണ് അപകടത്തിൽ മറ്റ് തൊഴിലാളികൾ ഇല്ലെന്ന് ഉറപ്പാക്കിയത്.