Sun. Dec 22nd, 2024
അപകട മേഖലയായി തുടരുന്ന ഔഷധി കവല 

പെരുമ്പാവൂർ: അപകടങ്ങൾ തുടർക്കഥയായി പെരുമ്പാവൂർ ഔഷധി കവല. പെരുമ്പാവൂർ നഗര മധ്യത്തിൽ തിരക്കേറിയ ഇടമായ ഔഷധി കവലയിൽ അശാസ്ത്രീയമായ റോഡ് നിർമാണവും ഗതാഗത സിഗ്നൽ സംവിധാനത്തിന്റെ അഭാവവും തുടരെത്തുടരെ അപകടങ്ങൾക്ക് വഴിയൊരുക്കുകയാണ്. അടിക്കടിയുണ്ടാകുന്ന അപകടങ്ങളും ദിവസേന ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനുമെതിരെ പ്രദേശവാസികൾ ആക്ഷൻ കൌൺസിൽ രൂപീകരിക്കുകയും അധികൃതർക്ക് നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.

സ്റ്റേറ്റ് ഹൈവേ 1-ലേക്ക് (എംസി റോഡ്) കോടതിയിൽനിന്നുള്ള വഴിയും ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നിന്നുള്ള വഴിയും ചേരുന്ന ഇടത്താണ് ഔഷധി കവല സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട കവലയാണ് ഇതെന്നും ഇനിയുമൊരു അപകടത്തിനു സാഹചര്യം ഉണ്ടാക്കാതെ എത്രയും വേഗം ഒരു പരിഹാരം ഉണ്ടാക്കണമെന്ന് ദി ലൈഫ് ആക്ഷൻ കൌൺസിൽ അംഗമായ അഡ്വ. പി സാംബൻ പറയുന്നു. “എന്റെ ഓഫീസിന്റെ മുൻപിൽ തന്നെ സുമ എന്നൊരു വീട്ടമ്മ ടോറസ് കേറി മരിക്കാൻ ഇടയായി. അത് ഞങ്ങൾ എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കിയ ഒരു സംഭവമായിരുന്നു. അപ്പോൾ അവിടുത്തെ ആളുകളെല്ലാവരും കൂടി എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞ് ഞങ്ങൾ 89 ആളുകൾ ഒപ്പിട്ട ഒരു നിവേദനം ബഹുമാനപ്പെട്ട മുനിസിപ്പൽ ചെയർമാന് നൽകുകയുണ്ടായി. അതിൽ ഞങ്ങൾ പത്തോളം കാര്യങ്ങൾ പറയുന്നുണ്ട്. എല്ലാവരും ചെയ്യാം ചെയ്യാം ഫണ്ട് ഇല്ല എന്നാണ് പറയുന്നത്. ഫണ്ട് ഇല്ലെന്നുവച്ചാൽ മരണം ഉണ്ടാകട്ടെ എന്നാണ് അർത്ഥം.”

വൺവേയായി നിർദേശിക്കപ്പെട്ട റോഡുകളിൽ അതു പാലിക്കാൻ യാത്രക്കാർ സന്നദ്ധരാകണം. ഒരേസമയം പലയിടത്തുനിന്നു വാഹനങ്ങൾ പ്രവേശിക്കുന്നത്, സിഗ്നലുകളുടെ അഭാവം, അമിത വേഗം, അശ്രദ്ധ, അശാസ്ത്രീയമായ റോഡ് നിർമാണം, വളവുകളിലെ വീതി കുറവ്, കട്ടിങ്ങുകൾ എന്നിവയെല്ലാമാണ് അപകടങ്ങൾക്കു കാരണമാക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ അഭിപ്രായപ്പെട്ടു.

പെരുമ്പാവൂർ എംഎൽഎയുടെ സാന്നിധ്യത്തിൽ മുനിസിപ്പാലിറ്റി വിവിധ ഡിപ്പാർട്ട്മെന്റുകളെ ഏകോപിപ്പിച്ച് മീറ്റിംഗ് വിളിച്ചു കൂട്ടുകയും തുടർന്ന് പ്രാരംഭ ഘട്ടമായി പല നടപടികളും കൈക്കൊണ്ടിട്ടുള്ളതാണെന്നും പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ പറഞ്ഞു. കൂടാതെ കവലയിൽ റോഡുകളുടെ വീതി കൂട്ടുന്ന കാര്യവും സിഗ്നൽ സംവിധാനം ക്രമീകരിക്കുന്നതും അടക്കമുള്ള ആവശ്യങ്ങൾ  ചൂണ്ടിക്കാട്ടി പിഡബ്ല്യൂഡി സർക്കാരിലേക്ക് ഒരു നിർദേശം സമർപ്പിച്ചിട്ടുണ്ടെന്നും പദ്ധതിയുടെ അംഗീകാരം ഉടൻ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണെന്നും സക്കീർ ഹുസൈൻ കൂട്ടിച്ചേർത്തു.

https://www.instagram.com/p/CWcbWAgLfCE/