ഫോർട്ട് കൊച്ചി: റോ റോ സ്ഥിരമായി തകരാറിലാവുന്നതു മൂലം വലഞ്ഞ് ഫോർട്ട് കൊച്ചി-വൈപ്പിൻ യാത്രക്കാർ. കേവലം മൂന്ന് വർഷം മാത്രം പഴക്കമുള്ള റോ റോ വെസ്സലുകൾ സ്ഥിരമായി തകരാറിലാവുന്നുണ്ടെന്നും ഇതുമൂലം യാത്രക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ടിനു പരിഹാരം കാണാൻ അധികാരികൾ ശ്രമിക്കുന്നില്ലെന്നുമാണ് ഇരു കരകളിലെയും ആളുകളുടെ പരാതി. ജോലിക്കും മറ്റാവശ്യങ്ങൾക്കുമായി നിരവധി പേരാണ് ഇരുവശത്തേക്കുമുള്ള യാത്രക്ക് റോ റോ-യെആശ്രയിക്കുന്നത്.
വൈപ്പിനിലും ഫോർട്ട് കൊച്ചിയിലും മണിക്കൂറുകൾ കാത്തു നിന്നാണു വാഹനയാത്രികർ മറുകരയിലേക്ക് എത്തുന്നത്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങളുടെ നിര ഇരു ഭാഗത്തും കിലോമീറ്റർ നീണ്ട് പ്രദേശത്ത് ഗതാഗത തടസവും സൃഷ്ടിക്കുന്നുണ്ട്. റോഡ് മാർഗ്ഗം എറണാകുളം നഗരം വഴി ഇരുപതു കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടത് ജല മാർഗം മിനിറ്റുകൾക്കുള്ളിൽ എത്തിച്ചേരാൻ സാധിക്കും. എന്നാൽ തുടരെത്തുടരെ മുന്നറിയിപ്പില്ലാതെ സർവീസ് നിർത്തലാക്കുന്നത് ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
നിലവിലെ വെസ്സലിന്റെ കേടുപാടുകൾ പൂർണമായി പരിഹരിക്കുകയും മൂന്നാമതൊരു റോ റോ കൂടി സർവീസിനായി എത്തിക്കുകയും ചെയ്യുന്നതുവഴിയേ പ്രശ്നത്തിന് ശാശ്വത പരിഹാരമാവുകയുള്ളു എന്ന് ജങ്കാർ സംരക്ഷണ സമിതി പ്രസിഡന്റ് മുജീബ് റഹ്മാൻ .പറഞ്ഞു. വർഷങ്ങളായി ഈ ആവശ്യം കോർപ്പറേഷന്റെയും അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും മുജീബ് കൂട്ടിച്ചേർത്തു.
റോ റോ സ്ഥിരമായി തകരാറിലാവുന്നതുമൂലം ഫോർട്ട് കൊച്ചി-വൈപ്പിൻ യാത്ര ക്ലേശകരമാണെന്നും ഉടനടി തകരാർ പരിഹരിക്കാനുള്ള നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫോർട്ട് കൊച്ചി ഡിവിഷൻ കൗൺസിലർ ആന്റണി കുരീത്തറ പറഞ്ഞു. കോർപറേഷൻ ആരംഭത്തിൽ പ്രഖ്യാപിച്ചതുപോലെ മൂന്നാമത്തെ വെസ്സലിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.