Sat. Apr 27th, 2024
അഗളി:

മുളങ്കമ്പിൽ കെട്ടിയ തുണിമഞ്ചലിൽ ആടിയാടി മലയിറങ്ങി ആശുപത്രിയിലെത്തുമ്പോഴേക്കും ഉയിരു നഷ്ടമായ സഹോദരങ്ങളുടെ ഗതി ഇനി ആർക്കുമുണ്ടാവരുതെന്ന പ്രാർത്ഥനയായിരുന്നു അവരുടെ മുദ്രാവാക്യം. കൊട്ടെണ്ണയും മണ്ണെണ്ണയുമൊഴിച്ച് വിളക്കു കത്തിച്ച കാലം കഴിഞ്ഞു, മക്കൾക്കു പഠിക്കാൻ വൈദ്യുതിയും മൊബൈൽ ഫോണും ഇന്റർനെറ്റും വേണമെന്ന് അവർ ഒരു മനസ്സോടെ ആവശ്യപ്പെട്ടു. കേരളം പിറന്ന് ആറര പതിറ്റാണ്ടു പിന്നിട്ടിട്ടും വഴിയും വൈദ്യുതിയും ശുദ്ധജലവും ചികിത്സാ സൗകര്യങ്ങളുമെത്താത്ത അട്ടപ്പാടി വനത്തിലെ കുറുമ്പ ഗോത്ര ജനതയാണു നീതിക്കായി രാഷ്ട്രീയത്തിന്റെയോ സംഘടനകളുടെയോ കൊടിത്തണലില്ലാതെ ഇന്നലെ തെരുവിലിറങ്ങിയത്.

വന്യമൃഗങ്ങളോടു പോലും സമരസപ്പെട്ടു ജീവിക്കുന്ന കാടിന്റെ മക്കൾ ആദ്യമായാണ് സമരരംഗത്തെത്തുന്നത്. തടിക്കുണ്ടു മുതൽ ഗലസിവരെ കാടിനകത്തുള്ള 10 ഊരുകളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമരത്തിനെത്തി. മുക്കാലിയിൽ നിന്ന് 20 കിലോമീറ്ററിലേറെ ദൂരമുണ്ട് ഗലസിയിലേക്ക്. ആനവായ് വരെ ജീപ്പ് റോഡുണ്ട്. ശേഷിക്കുന്ന ദൂരം കാൽ നടയായി മല കയറണം.

മാറിയ കാലത്തിനനുസരിച്ചു ജീവിക്കാനുള്ള സൗകര്യം തേടിയായിരുന്നു ഊരു മൂപ്പന്മാർ നേതൃത്വം നൽകിയ സമരം. മുക്കാലി കവലയിൽ നടന്ന ധർണ സംസ്ഥാന പട്ടിക വർഗ ഉപദേശക സമിതി അംഗം രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. മേലെ ആനവായ് ഊരു മണ്ണൂക്കാരൻ നഞ്ചൻ അധ്യക്ഷത വഹിച്ചു.