Sat. Apr 27th, 2024
ന്യൂഡൽഹി:

ലഖിംപൂര്‍ ഖേരി സംഭവത്തിലെ കേസിന്‍റ അന്വേഷണത്തിൽ യുപി പൊലീസ് പ്രതീക്ഷിച്ച രീതിയിലല്ല മുന്നോട്ടുപോകുന്നത്. ഇത്രയും ദിവസമായിട്ടും യുപി പൊലീസ് എന്താണ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ വിമര്‍ശിച്ചു. പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിശോധിച്ചാൽ ഒരു പുരോഗതിയും ഇല്ലെന്ന് വ്യക്തമാണ്.

കേസിലെ പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോണ്‍ മാത്രമാണ് പൊലീസ് പിടിച്ചെടുത്തത്. മറ്റുള്ളവര്‍ക്ക് മൊബൈൽ ഇല്ല എന്ന യു പി പൊലീസ് വാദത്തിലും കോടതി സംശയം പ്രകടിപ്പിച്ചു. ഇതോടെയാണ് അന്വേഷണ മേൽനോട്ടത്തിന് റിട്ട ഹൈക്കോടതി ജഡ്ജിയെ നിയമിക്കേണ്ടിവരുമെന്ന നിര്‍ദ്ദേശം കോടതി മുന്നോട്ടുവെച്ചത്.

ജസ്റ്റിസുമാരായ രാകേഷ് കുമാര്‍ ജയിനിനെയോ, രഞ്ജ്തി സിംഗിനെയോ അന്വേഷണ മേൽനോട്ടത്തിനായി ചുമതലപ്പെടുത്താവുന്നതാണെന്നും കോടതി പറ‍ഞ്ഞു. ആരെ നിയമിക്കണം എന്നതിൽ യുപി സര്‍ക്കാര്‍ വെള്ളിയാഴ്ച്ചയ്ക്കകം നിലപാട് അറിക്കണം. യുപിക്ക് പുറത്തുള്ള ഒരു ജഡ്ജി തന്നെ അന്വേഷണ മേൽനോട്ടം വഹിക്കണമെന്നും കോടതി പറഞ്ഞു.

കര്‍ഷകര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് സിബിഐക്ക് വിടണമെന്ന് കര്‍ഷകരെ വാഹനമിടിച്ച് വീഴ്ത്തിയ ശേഷമുണ്ടായ സംഘര്‍ഷത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകൻ ശ്യാം സുന്ദറിന്‍റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. സിബിഐ എല്ലാറ്റിനും പരിഹാരമല്ലെന്ന് വിമര്‍ശിച്ച കോടതി അന്വേഷണം വസ്തുനിഷ്ടമായി പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. കേസ് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.