Wed. Jan 22nd, 2025
കടമക്കുടി കാർണിവൽ- kadamakudy fest

എറണാകുളം: കടമക്കുടിയുടെ ടുറിസം സാധ്യതകൾ തുറന്ന് കടമക്കുടി വില്ലജ് ഫെസ്റ്റിവൽ 2021. എറണാകുളം ജില്ലയിലെ കടമക്കുടി പഞ്ചായത്തിൽ പിഴലയിൽ ആണ് നാല് ദിവസം നീണ്ടുനിന്ന ഗ്രാമ ഉത്സവം അരങ്ങേറിയത്. പഞ്ചായത്തും പ്രാദേശിക ടൂർ ഓപ്പറേറ്റേഴ്‌സും പ്രദേശവാസികളും ചേർന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഏറെ ജനപ്രീതി നേടിയ ഈ പരിപാടിയിലൂടെ കടമക്കുടിയുടെ ടൂറിസം സാധ്യതകൾ സന്ദർശകർക്ക് മനസ്സിലാക്കിക്കൊടുക്കുകയും അതുവഴി ഭാവിയിൽ പ്രദേശത്തെ ഒരു വിനോദ സഞ്ചാര ഹബ്ബായി മാറ്റുക എന്നതുമാണ് സംഘാടകരുടെ ലക്‌ഷ്യം.

കടമക്കുടി എന്നത് ഏകദേശം 14-ഓളം ദ്വീപ് സമൂഹങ്ങളുടെ ഒരു കൂട്ടമാണ്. പ്രദേശത്ത് റോഡ് ഗതാഗത മാർഗം അത്ര വിപുലമല്ലാത്തത് വിനോദസഞ്ചാരത്തിനു ഒരു പരിമിതിയായി നിൽക്കുന്നുണ്ട്. ആ പരിമിതിയെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്ടെയ്നർ റോഡിൽനിന്ന് ആരംഭിക്കുന്ന പിഴല പാലത്തിന്റെ അവസാനത്തിൽ പ്രദേശത്തിന്റെ എല്ലാ സംസ്കാരത്തെയും കോർത്തിണക്കികൊണ്ട് ഉത്സവപ്രതീതിയിൽ ഇങ്ങനൊരു പരിപാടി നടത്തിയതെന്ന് കാർണിവൽ കൺവീനറായ വിശാൽ കോശി പറയുന്നു. 

“കടമക്കുടിയിൽ ആളുകൾക്ക് എക്സ്പ്ലോർ ചെയ്യാനുള്ള വളരെ പരിമിതമായ അവസരങ്ങളേ നിലവിലുള്ളൂ. എന്താണെന്നുവച്ചാൽ 14 ദ്വീപുകളിൽ കുറച്ച് എണ്ണത്തിൽ മാത്രമേ റോഡ് മാർഗ്ഗം എത്തിപ്പെടാൻ കഴിയുകയുള്ളു. ബാക്കിയുള്ള എല്ലാ കരകളിലും വെള്ളത്തിൽകൂടി മാത്രമേ എത്തിപ്പെടാൻ കഴിയുകയുള്ളു. നമ്മുടെ ഈ ഒരു ഇനീഷിയേറ്റീവ് എന്താണെന്നുവച്ചാൽ ഇവിടെ പിഴല പാലം തീരുന്നിടത് നമ്മൾ ഒരു ഫെസ്റ്റിവൽ ഓർഗനൈസ് ചെയ്യുകയാണ്. ഇവിടെ ആ റിയൽ കടമക്കുടിയുടെ ഒരു മിനിയേച്ചർ മോഡൽ ഞങ്ങൾ കാണിക്കുകയാണ്.” വിശാൽ കോശി പറഞ്ഞു.

കടമക്കുടിയിലെ വ്യത്യസ്തതകളെന്നുവച്ചാൽ വിപുലവുമായ പൊക്കാളി നെൽ കൃഷി, മത്സ്യ വളർത്തൽ, തനത് നാടൻ രുചിയിലുള്ള ഭക്ഷണ വിഭവങ്ങൾ എന്നിവയാണ്. ഇവയെ മറ്റു വിനോദ പരിപാടികളുമായി കോർത്തിണക്കി സന്ദർശകർക്ക് ഗ്രാമത്തിൽ ആനന്ദകരമായ കുറച്ച് സമയം സമ്മാനിക്കുക എന്നതാണ് പ്രധാനമായും കാർണിവലിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ ഈ പതിനാലു കരകളും പല രീതികളിലും വ്യത്യസ്തമായവയാണ്. അവയെ അതുപോലെ തന്നെ നിലനിർത്തി പരിപാലിച്ചുകൊണ്ട് കടമക്കുടിയുടെ ഭംഗിയും ജീവിതവും ആളുകൾക്ക് അനുഭവിച്ചറിയാനുള്ള ഒരു മാർഗം കൂടിയാണ് ഈ പരിപാടിയിലൂടെ ഒരുക്കുന്നതെന്നാണ് വിശാൽ കോശി പറയുന്നു. 

“ഈ കാർണിവലിന്റെ ഹൈലൈറ്റ്‌സ് എന്നുവച്ചാൽ പൊക്കാളി ഹാർവെസ്റ്റ്, അവയർനെസ് സെമിനാർസ്, ഫുഡ് ഫെസ്റ്റിവൽ, ട്രഡീഷണൽ ഗെയിംസ്, പിന്നെ ഇവിടുത്തെ കൾച്ചറൽ ആൻഡ് എന്റർടൈൻമെന്റ് പ്രോഗ്രാംസ് എന്നിവയാണ്. ഇവിടുത്തെ ഈ പതിനാലു ഐലൻഡ്സും വ്യത്യസ്തമാണ്. ചിലത് വേലിയേറ്റ സമയത്ത് വെള്ളത്തിനടിയിൽ പോകുന്നവയാണ്. അതുകൊണ്ടുതന്നെ അവിടെ ആൾതാമസം ഇല്ല. അതൊക്കെ കണ്ടൽക്കാടുകളും ദേശാടനപ്പക്ഷികളും നിറഞ്ഞ സ്ഥലങ്ങളാണ്. സസ്‌റ്റൈനബിൾ ആയിട്ട് ഈ ഡെസ്റ്റിനേഷനെ വളർത്തുക എന്നതാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.” വിശാൽ കൂട്ടിച്ചേർത്തു.

പ്രദേശത്തെ വീട്ടമ്മമാരാണ് കാർണിവലിൽ ഭക്ഷണ സ്റ്റാളുകളുടെ നടത്തിപ്പ് ഏറ്റെടുത്തത്. അതുവഴി പ്രദേശത്തെ നാടൻ രുചികൾ സന്ദർശകർക്ക് അനുഭവിച്ചറിയാനുള്ള ഒരു അവസരം ഒരുക്കുകയായിരുന്നു സംഘാടകർ. വെള്ളപ്പൊക്കവും കൊറോണ കാലവും പ്രദേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ കാര്യമായി ബാധിച്ചുവെന്നും ഈ കാർണിവൽ വഴി പുതിയ തൊഴിൽ അവസരങ്ങൾ പ്രദേശവാസികൾക്ക് തുറന്നു നൽകുമെന്നും അത് പൂർണമായി പ്രയോജനപ്പെടുത്തുമെന്നും കുടുംബശ്രീ കാറ്ററിംഗ് അംഗവും പ്രദേശവാസിയുമായ ജെസ്സി പറയുന്നു.

“ഇവിടെ എല്ലാവരും സാധാരണക്കാരാണ്. അവർക്ക് ഇതൊക്കെ കാണുവാനും സന്തോഷിക്കുവാനുമുള്ള അവസരമാണിത്. ഞങ്ങൾ കുടുംബശ്രീയിൽപ്പെട്ട കുറച്ച് സഹോദരിമാരാണ്. ഞങ്ങൾ കാറ്ററിംഗ് നടത്തുകയായിരുന്നു. 2018-ൽ വെള്ളപ്പൊക്കം വന്നപ്പോൾ ഞങ്ങളുടെ സാധനങ്ങളെല്ലാം നഷ്ടപ്പെട്ടുപോയി. ഞങ്ങൾക്ക് ഒരു ആനുകൂല്യവും ഗവൺമെന്റിൽ നിന്ന് ലഭിച്ചില്ല. പിന്നെ കൊറോണയും വന്നതുകൊണ്ട് പരിപാടികളൊക്കെ ചുരുങ്ങിപ്പോയി. അങ്ങനെ ഞങ്ങൾക്ക് അത് ചെയ്യാൻ നിവൃത്തിയില്ലാതെയായി. ഞങ്ങൾ ഇപ്പോൾ ഇവിടെ കാർണിവലിനു ഭക്ഷണ സ്റ്റാൾ ഒരുക്കിയിരിക്കുകയാണ്.”

ഗ്രാമങ്ങളിലെ കാർഷിക മേഖലയെ ഉൾക്കൊള്ളിച്ചു നടത്തുന്ന പരിപാടികൾ വരും തലമുറയെ കൃഷിയിലേക്ക് കൂടുതൽ അടുപ്പിക്കുമെന്നും നാം ഇന്ന് നേരിടുന്ന ഭക്ഷ്യക്ഷാമം പോലുള്ള പ്രശ്നങ്ങൾക്ക് അവ വലിയൊരു പരിഹാരം ആവുമെന്നും കാർണിവലിൽ ഭാഗമായുള്ള പൊക്കാളി നെൽ വിളവെടുപ്പിൽ പങ്കെടുത്ത രാജഗിരി സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ എംഎസ്ഡബ്ല്യൂ വിദ്യാർത്ഥിനി അനഘ പറയുന്നു.

“ഇന്നത്തെ ഒരു കാലഘട്ടത്തിൽ നമ്മൾ മറന്നു പോകുന്ന ഒരു മേഖലയാണ് കൃഷി എന്ന് പറയുന്നത്. കാരണം വളരെ കുറച്ച് ആളുകൾ മാത്രമേ വീടുകളിൽ കൃഷി ചെയ്യുന്നുള്ളു. ഇവിടെ ഒരുപാട് പ്രതീക്ഷകളുമായിട്ടാണ് ഞങ്ങൾ വന്നത്. എന്നാൽ ആ പ്രതീക്ഷകൾക്കൊക്കെ മേലെ ആയിരുന്നു ഞങ്ങൾക്ക് കിട്ടിയ അനുഭവം എന്ന് പറയുന്നത്. കാരണം ആദ്യമായിട്ടാണ് ഞാൻ പാടത്തിറങ്ങി കൃഷിയുടെ ഭാഗമാകുന്നത്. നെല്ല് കൊയ്യാൻ വന്ന ചേച്ചിമാരോടൊപ്പം വിശേഷങ്ങളൊക്കെ പങ്കുവച്ച് കൊയ്ത്തുപാട്ടൊക്കെ പാടി ഒരു നല്ല അനുഭവമായിരുന്നു അവരുടെ കൂടെ. തീർച്ചയായും സിറ്റി ലൈഫിൽ നിന്ന് ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞാൻ ഈ സ്ഥലം എന്തായാലും സജസ്റ്റ് ചെയ്യും” അനഘ പറഞ്ഞു.