സൂറത്ത്: കാമ്പസില്‍ ‘പോസിറ്റീവ് വൈബ്’ സൃഷ്ടിക്കാന്‍ പശുത്തൊഴുത്ത് നിര്‍മിക്കാനൊരുങ്ങി സൂറത്തിലെ വീര്‍ നര്‍മദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്‌സിറ്റി (വിഎന്‍എസ്ജിയു). പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന്റെ സ്ഥലത്ത് പശുക്കളെ പാര്‍പ്പിക്കാനാണ് തീരുമാനം. കാമ്പസില്‍ പോസിറ്റീവ് വൈബ് സൃഷ്ടിക്കാനാണ് പശുത്തൊഴുത്ത് നിര്‍മിക്കുന്നതെന്നാണ് അധികൃതരുടെ വാദം.
സര്‍വകലാശാലയില്‍ അടുത്തിടെയുണ്ടായ പേപ്പര്‍ ചോര്‍ച്ച, വിജയശതമാനം കുറവ് തുടങ്ങിയ പ്രശ്നങ്ങളെത്തുടര്‍ന്ന് ഒരു ജ്യോതിഷിയുടെ ഉപദേശത്തെ തുടര്‍ന്നാണ് ക്യാമ്പസില്‍ പശുക്കളെ പരിപാലിക്കാനുള്ള തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്.
‘പുതിയ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് സമീപം ഒരു മാസമെങ്കിലും പശുക്കളെ കെട്ടിയിടണമെന്നാണ് ജ്യോതിഷി പറഞ്ഞിരിക്കുന്നത്. പശുക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാല്‍ സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങള്‍ തടസങ്ങളില്ലാതെ നടക്കും. പശുക്കള്‍ക്കായി എന്‍ജിഒകളെ സമീപിച്ചിട്ടുണ്ട്. ചിലര്‍ പശുക്കളെ തരാമെന്ന് സമ്മതിച്ചിട്ടുണ്ട്’, സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ ഡോ. കെഎന്‍ ചൗധ പറഞ്ഞു.
കൂടാതെ വരും മാസങ്ങളില്‍ പശുവിനെ അടിസ്ഥാനമാക്കിയുള്ള ഗവേഷണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍വകലാശാല ബയോടെക്‌നോളജി വിഭാഗത്തില്‍ ഒരു ‘കാമധേനു ചെയര്‍’ സ്ഥാപിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് കാമധേനു ചെയര്‍ രൂപീകരിക്കുന്നത്. ജ്യോത്സ്യന്‍മാര്‍ ചേര്‍ന്ന് ചെയര്‍ രൂപീകരിക്കാനുള്ള സ്ഥലവും കണ്ടെത്തിയിട്ടുണ്ട്.
48 വര്‍ഷം മുമ്പ് നിര്‍മിച്ച കോളജിന്റെ യഥാര്‍ത്ഥ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തില്‍ വിള്ളലുകള്‍ ഉണ്ടാകുകയും ഉപയോഗയോഗ്യമല്ലെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സര്‍വകലാശാല പൊളിച്ചുനീക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പഴയ കെട്ടിടത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്രാഞ്ച് ഓഫീസുകള്‍ കാമ്പസിലെ മറ്റ് കെട്ടിടങ്ങള്‍ക്ക് പുറത്താണ് പ്രവര്‍ത്തിക്കുന്നത്.
കെട്ടിട നിര്‍മാണത്തിനായി വാസ്തു വിദഗ്ദ്ധരെയും ജ്യോത്സ്യരെയും കൊണ്ടുവന്നെന്നും പുതിയ കെട്ടിടങ്ങളുടെ സ്ഥാനം നിര്‍ണയിക്കാന്‍ കാമ്പസ് അവരെ കാണിക്കുകയും ചെയ്തെന്ന് അധികാരികള്‍ പറഞ്ഞു. വിദഗ്ധര്‍ മൂന്ന് സ്ഥലങ്ങള്‍ തിരഞ്ഞെടുത്തതായി വൃത്തങ്ങള്‍ പറഞ്ഞു. പുതിയ കെട്ടിടം നിര്‍മിക്കുന്ന സ്ഥലത്ത് അഞ്ച് മുതല്‍ ഏഴ് വരെ പശുക്കളെ സംരക്ഷിക്കുമെന്നും ഡോ. കെഎന്‍ ചൗധ പറഞ്ഞു.