Sun. Dec 29th, 2024

 

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ കൈപറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സംസ്ഥാന ധനവകുപ്പ്. പെന്‍ഷന്‍ കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷണം കഴിഞ്ഞാലുടന്‍ വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

പെന്‍ഷന്‍ കൈപറ്റിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്നും പട്ടികയില്‍ കയറിപ്പറ്റിയ അനര്‍ഹരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നും ധനകാര്യ വകുപ്പ് പ്രതികരിച്ചു. സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ക്ക് ക്ഷേമ പെന്‍ഷന് യോഗ്യതയില്ലെന്നിരിക്കെ, ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

1458 സര്‍ക്കാര്‍ ജീവനക്കാരാണ് പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയത്. ധനവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പു കണ്ടെത്തിയത്.

സര്‍ക്കാര്‍ കോളേജില്‍ പഠിപ്പിക്കുന്ന രണ്ട് അസി. പ്രൊഫസര്‍മാരും മൂന്നു ഹയര്‍ സെക്കന്‍ഡറി അധ്യാപകരുമൊക്കെ പെന്‍ഷന്‍ വാങ്ങിയവരില്‍ ഉള്‍പ്പെടും. പട്ടികയിലുള്ള ഭൂരിപക്ഷം പേരും ഇപ്പോള്‍ സര്‍വീസിലുള്ളവരാണ്. കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കാനും അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശസഹിതം തിരിച്ചുപിടിക്കാനും മന്ത്രി നിര്‍ദേശിച്ചു.

പെന്‍ഷന്‍ പട്ടിക കൈകാര്യംചെയ്യുന്ന സേവന സോഫ്റ്റ്‌വെയറിലെയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കിലെയും വിവരങ്ങള്‍ താരതമ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. വിവിധതലങ്ങളിലുള്ള പരിശോധന തുടരാനാണ് ധനവകുപ്പിന്റെ തീരുമാനം.

മാസം 1600 രൂപയാണ് നിലവില്‍ ക്ഷേമപെന്‍ഷന്‍. അനര്‍ഹരായ 1458 പേര്‍ക്ക് നല്‍കുമ്പോള്‍ സര്‍ക്കാരിന് മാസം നഷ്ടം 23 ലക്ഷം രൂപയോളമാണ്. ഭൂരിപക്ഷവും ലാസ്റ്റ് ഗ്രേഡ്, ക്ലറിക്കല്‍ ജീവനക്കാരാണ് പെന്‍ഷന്‍ കൈപറ്റുന്നവര്‍.

പ്രായ പരിധി ബാധകമാവാത്ത പെന്‍ഷന്‍ മുന്‍പ് വാങ്ങിയിരുന്നവര്‍ സര്‍ക്കാര്‍ ജോലിയില്‍ സ്ഥിരപ്പെട്ട ശേഷമോ ജോലി കിട്ടിയ ശേഷമോ ഗുണഭോക്തൃ പട്ടികയില്‍ തുടര്‍ന്നതാവാം തട്ടിപ്പിലേക്ക് നയിച്ചതെന്നാണ് നിഗമനം.