Wed. Nov 27th, 2024

 

പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് നടത്തിയതില്‍ കടുത്ത നടപടികള്‍ വേണ്ടെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്. ശബരിമല സ്‌പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം എഡിജിപി എസ് ശ്രീജിത്ത് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് കടുത്ത നടപടി വേണ്ടെന്ന നിര്‍ദേശം വെച്ചത്.

ഫോട്ടോഷൂട്ട് വിവാദത്തില്‍ ഉള്‍പ്പെട്ട 25 പോലീസുകാര്‍ക്ക് ശിക്ഷാ നടപടിയുടെ ഭാഗമായി കെപിഎ നാല് ബറ്റാലിയനില്‍ നാലു ദിവസത്തെ പ്രത്യേക പരിശീലനം നല്‍കും. കൂടാതെ ശബരിമലയും പരിസരവും വൃത്തിയാക്കണം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിപി ഇന്ന് ഹൈക്കോടതിക്ക് കൈമാറും.

കഴിഞ്ഞ തിങ്കളാഴ്ച പതിനെട്ടാം പടി ഡ്യൂട്ടി ഒഴിഞ്ഞ പോലീസുകാരാണ് ഫോട്ടോഷൂട്ട് വിവാദത്തില്‍ പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് നടയടച്ച ശേഷം ഒന്നരയോടെ പടിയില്‍ നിന്ന് നടത്തിയ ഫോട്ടോഷൂട്ട് ആണ് വിവാദമായത്. പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും രംഗത്ത് എത്തിയിരുന്നു.

ഇതിന് പിന്നാലെ പന്തളം കൊട്ടാരവും തന്ത്രി രാജീവരര് കണ്ഠരരും ഫോട്ടോഷൂട്ടിനെതിരെ പരാമര്‍ശം നടത്തിയിരുന്നു. അതേസമയം, പോലീസുകാര്‍ക്കെതിരെയുള്ള നടപടിയില്‍ പോലീസ് അസോസിയേഷന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.