Sat. Dec 14th, 2024

 

തൃശ്ശൂര്‍: തൃശ്ശൂര്‍ നാട്ടികയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടത്തില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍. മദ്യലഹരിയില്‍ 20 സെക്കന്റ് കണ്ണടച്ചു പോയെന്ന് ക്ലീനര്‍ അലക്‌സ് മൊഴി നല്‍കി. ‘വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോള്‍ വെട്ടിച്ചു. അപ്പോള്‍ നിലവിളി കേട്ടു. അതോടെ രക്ഷപ്പെടാന്‍ നോക്കി. യാത്രക്കിടയില്‍ ഡ്രൈവറുമൊത്ത് തുടര്‍ച്ചയായി മദ്യപിച്ചെന്നും’ അലക്‌സിന്റെ മൊഴിയിലുണ്ട്.

കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതി റിമാന്‍ഡ് ചെയ്തു. മദ്യലഹരിയില്‍ വരുത്തിയ ദുരന്തമെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. മനപ്പൂര്‍വ്വമായ നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ രജിസ്ട്രഷനും റദ്ദാക്കിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് ലോറിയില്‍ തടി കയറ്റി പുറപ്പെട്ടത്. മാഹിയില്‍ നിന്ന് മദ്യം വാങ്ങി. യാത്രക്കിടയില്‍ മദ്യപിച്ചു കൊണ്ടേയിരുന്നു. പൊന്നാനി എത്തിയപ്പോഴേക്കും ഡ്രൈവര്‍ ജോസ് അബോധാവസ്ഥയിലായി. പിന്നീടാണ് ക്ലീനര്‍ വണ്ടിയോടിച്ചത്.

ലോറി ഡ്രൈവര്‍ കണ്ണൂര്‍ ആലക്കോട് സ്വദേശി ചാമക്കാലച്ചിറ ജോസ് (54), ക്ലീനര്‍ എഴിയകുന്നില്‍ അലക്‌സ് (33) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ രണ്ട് ദിവസത്തിനകം കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പൊലീസ് അറിയിച്ചു. തൃശൂര്‍ നാട്ടിക സെന്ററിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം.

പാലക്കാട് മുതലമട ചെമ്മണാന്തോട് സ്വദേശി കാളിയപ്പന്‍ (55), ഭാര്യ നാഗമ്മ (45), മരുമകള്‍ രാജേശ്വരി (24), ഇവരുടെ മകള്‍ വിശ്വ (ഒന്ന്), കാളിയപ്പന്റെ ബന്ധു രമേഷിന്റെ മകന്‍ ജീവ (നാല്) എന്നിവരാണ് മരിച്ചത്.

ദേശീയപാത 66 നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ച് ഫൈബര്‍ ബാരിക്കേഡ് വെച്ച ഭാഗത്താണ് ദുരന്തത്തിനിരയായവര്‍ ഉറങ്ങിയിരുന്നത്. തൃപ്രയാര്‍ ക്ഷേത്രത്തിന് അര കിലോമീറ്റര്‍ മാറിയുള്ള ഗ്രൗണ്ടിലാണ് സംഘം രാത്രികളില്‍ സാധാരണ തമ്പടിച്ചിരുന്നത്.

ഏകാദശിയോടനുബന്ധിച്ച് ഗ്രൗണ്ടില്‍ പാര്‍ക്കിങ് തുടങ്ങിയതിനാല്‍ പൊലീസ് ഇടപെട്ട് ഇവിടെനിന്ന് ഒഴിപ്പിച്ചതോടെയാണ് ഇവര്‍ ദേശീയപാതയോരത്തേക്ക് വന്നത്. റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഉള്ള പ്രദേശം സുരക്ഷിതം എന്നുകരുതിയാണ് സംഘം ഇവിടെ കിടന്നത്. ഇവിടേക്കാണ് ലോറി പാഞ്ഞുകയറിയത്.