Tue. Nov 26th, 2024

 

കോഴിക്കോട്: ഹൈക്കോടതി തീര്‍പ്പാക്കിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനെതിരായ പുതിയ പരാതിയില്‍ പന്തീരാങ്കാവ് പോലീസ് കേസ് എടുത്തു. കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തത്.

വീണ്ടും ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റതായി കാണിച്ച് യുവതി നല്‍കിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി ഒന്നരമാസത്തിനിടെയാണ് പുതിയ കേസ്.

മീന്‍ കറിക്ക് പുളി കുറഞ്ഞെന്ന കാരണത്താലായിരുന്നു മര്‍ദ്ദനമെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. പരിക്കേറ്റ യുവതിയെ ഭര്‍ത്താവ് രാഹുലും അമ്മയും ചേര്‍ന്ന് ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അമ്മയെ യുവതിക്കൊപ്പം നിര്‍ത്തി രാഹുല്‍ മുങ്ങി.

രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുംവഴി ആംബുലന്‍സില്‍വെച്ചും മര്‍ദ്ദിച്ചെന്നും മുഖത്തും തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നുമാണ് ആശുപത്രിയില്‍ യുവതി നല്‍കിയ മൊഴി. എന്നാല്‍ തനിക്ക് പരാതിയില്ലെന്നായിരുന്നു യുവതി ആദ്യം പറഞ്ഞിരുന്നത്.

അതേസമയം, ഇന്ന് രാവിലെ രക്ഷിതാക്കള്‍ക്ക് ഒപ്പമെത്തിയാണ് യുവതി പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പന്തീരാങ്കാവിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ പോലീസ് സഹായിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ മേയിലാണ് രാഹുലിന് എതിരെ യുവതി ആദ്യം ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. പിന്നാലെ വിദേശത്തേക്ക് കടന്ന രാഹുലിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. ഇതിനിടെ പരാതി പിന്‍വലിക്കുകയാണെന്നും രാഹുലിനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് റദ്ദാക്കിയ കോടതി യുവതിയെ ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവ് നിലവില്‍ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ കരുതല്‍ തടങ്കലിലാണ്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വെച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.