Fri. Dec 27th, 2024

 

ടെല്‍ അവീവ്: ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയുമായി 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനൊരുങ്ങി ഇസ്രായേല്‍. കരാറിന് ഇസ്രായേല്‍ മന്ത്രിസഭ ഉടനെത്തന്നെ അംഗീകാരം നല്‍കിയേക്കും. അമേരിക്കയും ഫ്രാന്‍സുമാണ് കരാറിന് മേല്‍നോട്ടം വഹിക്കുന്നത്.

വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുള്ള രണ്ട് മാസം ഇസ്രായേല്‍ സൈന്യം ലെബനനില്‍ നിന്ന് പിന്മാറണമെന്നും ഹിസ്ബുള്ള ഇസ്രയേലിനെതിരായ സായുധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും കരാറിലെ വ്യവസ്ഥകളില്‍ പറയുന്നു. ലെബനീസ് പൗരന്‍മാര്‍ക്ക് സുരക്ഷിതമായി അവരുടെ ഗ്രാമങ്ങളില്‍ മടങ്ങിയെത്താന്‍ അവസരം ഒരുക്കണമെന്നും കരാറിലുണ്ട്.

സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഞായറാഴ്ച്ച ഹിസ്ബുള്ള 160 മിസൈലുകള്‍ ഇസ്രായേലിന്റെ നേര്‍ക്ക് തൊടുത്തിരുന്നു. തലസ്ഥാനമായ ടെല്‍ അവീവ്, തെക്കന്‍ ഇസ്രായേലിലെ അഷ്ദോദ് നാവികതാവളം എന്നിവിടങ്ങളിലാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്. ഉയര്‍ന്ന പ്രഹരശേഷിയുള്ള ഡ്രോണുകളും തൊടുത്തുതായി റിപ്പോര്‍ട്ടുകളുണ്ട്. 11 പേര്‍ക്ക് പരിക്കേറ്റെന്നും ഒരാളുടെ നില ഗുരുതരമാണെന്നുമാണ് വിവരം.

ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തില്‍ കഴിഞ്ഞ ഒരാഴ്ച്ച ഇസ്രായേല്‍ നിരന്തര ആക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് ഉള്‍പ്പെടെ 63 പേരാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

ഇതുവരെ 3000ത്തോളം പേരാണ് ഇസ്രായേല്‍, ഹിസ്ബുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 589 സ്ത്രീകളും 185 കുട്ടികളുമുണ്ട്. 13492 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ലെബനനിലെ ആരോഗ്യ മന്ത്രാലയും പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.