Fri. Dec 27th, 2024

 

തൃശ്ശൂര്‍: നാട്ടികയില്‍ ലോറി പാഞ്ഞുകയറി അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മോട്ടോര്‍ വാഹന വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നുവെന്നും വണ്ടിയോടിച്ചത് ക്ലീനറായിരുന്നുവെന്നും ഇയാള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിയമലംഘനം നടത്തിയതിന് രണ്ടുപേര്‍ക്കുമെതിരെ കേസെടുക്കും. ഇനിമുതല്‍ രാത്രികാല പരിശോധന കര്‍ശനമായിരിക്കും. അപകടശേഷം ലോറിയുമായി കടക്കാന്‍ ശ്രമിച്ചുവെന്നും ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയില്‍ത്തന്നെയാണെന്നും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാത്രികാലങ്ങളില്‍ വണ്ടികള്‍ അമിതവേഗതയിലാണ് ഓടിക്കുന്നതെന്നും തമിഴ്നാട്ടില്‍ നിന്നുള്ള വണ്ടികള്‍ അമിതവേഗതയില്‍ തെറ്റായ ദിശയിലേക്ക് കയറിവരുന്നത് പതിവാക്കിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

‘റോഡ് സൈഡില്‍ കിടക്കുന്നവരെ മാറ്റും. ഇവിടെ കിടന്നുറങ്ങരുതെന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു. റോഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് കൂടുതല്‍ ജാഗ്രത പാലിക്കും. കുടുംബങ്ങള്‍ക്കുള്ള സഹായം പരിഗണനയിലാണ്. ട്രാഫിക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുമായി സഹകരിച്ചുകൊണ്ട് റോഡ് അപകടങ്ങള്‍ നിയന്ത്രിക്കാനുള്ള പദ്ധതികള്‍ ആലോചിക്കുന്നുണ്ട്.

ട്രാഫിക് ലൈന്‍ തെറ്റിച്ചാല്‍ കര്‍ശന നടപടിയെടുക്കും. ഒരു രാജ്യത്തും വണ്ടി കൈകാണിച്ചുനിര്‍ത്തി ആര്‍സി ബുക്ക് പരിശോധിക്കുന്ന നടപടിയില്ല. ഇവിടെ മോട്ടോര്‍വാഹന വകുപ്പിന് ആവശ്യമായ വണ്ടികളില്ല. ധനകാര്യ വകുപ്പിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. മതിയായ ഉദ്യോഗസ്ഥര്‍ വകുപ്പിലുണ്ട്. പക്ഷേ പല ഓഫീസിലും മിനിമം ഒരു വാഹനം പോലുമില്ല. എന്തിനാണ് വണ്ടി, പഴയ വണ്ടി എന്തുചെയ്യും എന്നൊക്കെയാണ് ചോദ്യം. ഇതിനൊക്കെ എന്തു മറുപടി കൊടുക്കും?’, മന്ത്രി പ്രതികരിച്ചു.

വകുപ്പിലെ 15 വര്‍ഷം പഴക്കമായ വണ്ടികളൊക്കെ ഒതുക്കിയെന്നും ഇലക്ട്രിക് വാഹനം ഉപയോഗിച്ച് പിന്നാലെ ഓടാനാവില്ലെന്നും മന്ത്രി പറഞ്ഞു. നിയമലംഘനം പിടിക്കാന്‍ ഡ്രോണിന്റെ സഹായം തേടുമെന്നും മന്ത്രി അറിയിച്ചു.

തൃശ്ശൂര്‍ നാട്ടികയില്‍ തടിലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. പണി പുരോഗമിക്കുന്ന ദേശീയപാത ബൈപ്പാസിനരികില്‍ ഉറങ്ങിക്കിടന്നിരുന്ന നാടോടികള്‍ക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്‍പ്പെടെ പാലക്കാട് ഗോവിന്ദാപുരം സ്വദേശികളാണ് മരിച്ചത്. 11 പേര്‍ക്ക് പരിക്കേറ്റു.

കണ്ണൂരില്‍ നിന്ന് മരം കയറ്റി പോയിരുന്ന ലോറി ദേശീയ പാതയില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡര്‍ തകര്‍ത്താണ് ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് കയറിയത്. ലോറിയിലുണ്ടായിരുന്ന കണ്ണൂര്‍ ആലക്കോട് സ്വദേശികളായ ഏഴിയക്കുന്നില്‍ അലക്സ് (33), ചാമക്കാലച്ചിറ ജോസ് (54) എന്നിവരാണ് പിടിയിലായത്.