മുംബൈ: അഴിമതി ആരോപണത്തെ തുടര്‍ന്ന് അദാനി ഗ്രൂപ്പില്‍ നടത്താനിരുന്ന പുതിയ നിക്ഷേപം നിര്‍ത്തിവെച്ച് ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടല്‍ എനര്‍ജി. നിലവില്‍ യുഎസില്‍ അഴിമതി ആരോപണം നേരിടുന്നുണ്ട് അദാനി. ഈ വാര്‍ത്ത പുറത്തുവന്നതോടെയാണ് നിക്ഷേപത്തില്‍ നിന്നും ഫ്രഞ്ച് കമ്പനി പിന്‍വാങ്ങിയത്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് യുഎസില്‍ അദാനിക്കെതിരെ അന്വേഷണം നടത്തുന്നതിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ടോട്ടല്‍ എനര്‍ജി പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. എല്ലാതരത്തിലുള്ള അഴിമതിയേയും നിഷേധിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
അദാനി ഗ്രീന്‍ എനര്‍ജിയോ അതുമായി ബന്ധപ്പെട്ട കമ്പനികളേയോ കുറ്റപത്രത്തില്‍ കുറ്റപ്പെടുത്തുന്നില്ലെന്നും ടോട്ടല്‍ എനര്‍ജി വ്യക്തമാക്കി. അദാനി ഗ്രീന്‍ എനര്‍ജിയില്‍ 19.75 ശതമാനം ഓഹരി ടോട്ടല്‍ എനര്‍ജിയിലുണ്ട്. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയുന്നത് വരെ ഇനി കൂടുതല്‍ നിക്ഷേപം കമ്പനിയില്‍ നടത്തില്ലെന്നും ടോട്ടല്‍ എനര്‍ജി വ്യക്തമാക്കി.
ടോട്ടല്‍ എനര്‍ജിയില്‍ 4 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് അദാനി ഗ്രൂപ്പിന് ഉള്ളത്. ഇതില്‍ അദാനി ഗ്രീന്‍ എനര്‍ജിയിലെ നിക്ഷേപവും ഉള്‍പ്പെടും. 2021 ജുവരിയിലാണ് ഇന്ത്യയില്‍ പുനരുപയോഗ ഊര്‍ജത്തില്‍ അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയത്.
നാല് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സൗരോര്‍ജ കരാറുകള്‍ക്ക് അനുകൂലമായ വ്യവസ്ഥകള്‍ക്ക് പകരമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 265 മില്യണ്‍ ഡോളര്‍ (ഏകദേശം 2,200 കോടി രൂപ) കൈക്കൂലി നല്‍കാനുള്ള ശ്രമം നടത്തിയെന്നാണ് അദാനിക്കെതിരായ യുഎസ് നീതിന്യായ വകുപ്പിന്റെ കുറ്റപത്രം.