Fri. Dec 27th, 2024

 

സാംഭാല്‍: കോടതി ഉത്തരവനുസരിച്ച് സംഭാലിലെ മസ്ജിദില്‍ സര്‍വേ നടത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംര്‍ഷത്തിലും വെടിവയ്പ്പിലും മരണം നാലായി. 20 പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് സംഭാല്‍ താലൂക്കില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 12-ാം ക്ലാസ് വരെയുള്ള വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

മുഗള്‍ രാജാക്കന്മാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട ഷാഹി ജുമാ മസ്ജിദിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പള്ളി സ്ഥിതി ചെയ്യുന്നത് ഹിന്ദുക്ഷേത്രത്തിന് മുകളിലാണെന്ന വാദം പരിശോധിക്കാനായി കോടതി നിര്‍ദേശിച്ച സര്‍വേ ഞായറാഴ്ച പോലീസിന്റെ അകമ്പടിയോടെ ഉദ്യോഗസ്ഥര്‍ നടത്തുന്നതിനിടെയാണ് പ്രദേശവാസികള്‍ സംഘര്‍ഷം തുടങ്ങിയത്.

പ്രതിഷേധക്കാര്‍ കല്ലുകളുമായെത്തി സര്‍വേക്കാര്‍ക്കുനേരെ എറിയുകയായിരുന്നു. ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ലാത്തിയും കണ്ണീര്‍വാതകവും ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ നേരിട്ടത്. തലയ്ക്ക്പരിക്കേറ്റ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നില ഗുരുതരമാണ്.

സാമൂഹികപ്രവര്‍ത്തനം നടത്തുന്ന സംഘടനകളോ, ജനപ്രതിനിധികളോ സംഘര്‍ഷബാധിതപ്രദേശത്തേക്ക് പ്രവേശിക്കുന്നത് പോലീസ് കര്‍ശനമായി വിലക്കിയിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ ദേശരക്ഷാനിയമം ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. കോടതി നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ വന്നതെന്നും അത് തടസ്സപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ പ്രതികരിച്ചു.

സംഭാല്‍ ജുമാ മസ്ജിദിനകത്ത് ഹരിഹര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നുവെന്നും ക്ഷേത്രസ്ഥലം വിട്ടുകിട്ടാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും കാണിച്ചുകൊണ്ട് പ്രാദേശിക കോടതിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഡ്വ. വിഷ്ണുശങ്കര്‍ ജെയ്ന്‍ കേസ് ഫയല്‍ ചെയ്തത്. മുഗള്‍ ചക്രവര്‍ത്തി ബാബര്‍ 1529-ല്‍ ക്ഷേത്രം കൈയേറി പള്ളി പണിതു എന്നായിരുന്നു അഭിഭാഷകന്റെ വാദം.

കേസ് പരിഗണിച്ച കോടതി സ്ഥലം സര്‍വേ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. സംഘര്‍ഷം നടന്നുകൊണ്ടിരിക്കുമ്പോഴും അധികൃതര്‍ സര്‍വേ ഫലം പൂര്‍ത്തിയാക്കി. നവംബര്‍ 29ന് ഫലം കോടതി പരിശോധിക്കും.