കോട്ടയം: പുസ്തക വിവാദത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍ നല്‍കിയ പരാതിയില്‍ ഡിസി ബുക്സ് ഉടമ രവി ഡിസിയുടെ മൊഴി രേഖപ്പെടുത്തി. കോട്ടയം ഡിവൈഎസ്പി കെജി അനീഷാണ് രവിയുടെ മൊഴി രേഖപ്പെടുത്തിയത്.
ജയരാജനുമായി രേഖാമൂലം കരാര്‍ ഇല്ലെന്ന് രവി ഡിസി മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. മൊഴി രേഖപ്പെടുത്തല്‍ രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.
പുസ്തക വിവാദത്തില്‍ ഇപി ജയരാജന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘം, കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തിരുന്നത്.
ഉപതിരഞ്ഞെടുപ്പ് ദിനത്തില്‍ ഇപി ജയരാജന്റെ ആത്മകഥ എന്ന പേരില്‍ പുറത്തുവന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് പൊലീസ് നടപടി. ജയരാജന്റെ ആത്മകഥ എന്ന പേരില്‍ ഡിസി ബുക്സ് പുറത്തുവിട്ട പരസ്യവും പുറത്തുവന്ന പുസ്തകത്തിലെ ഉള്ളടക്കവും ഇപി ജയരാജന്‍ തള്ളിയിരുന്നു.
എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ ആരെയും പ്രസിദ്ധീകരിക്കാന്‍ ഏല്‍പിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഡിസിയുമായി കരാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് ദിവസം പുസ്തകം പുറത്തുപോയതുള്‍പ്പെടെയുള്ള സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷണിക്കണമെന്നും ആവശ്യപ്പെട്ട് ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിലാണിപ്പോള്‍ മൊഴിയെടുത്തിരിക്കുന്നത്.