മോണ്ടെവിഡിയോ: തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടത് പ്രതിപക്ഷ സ്ഥാനാര്‍ഥി യമാന്‍ഡൂ ഒര്‍സി (57) ക്ക് ജയം. കടുത്ത മല്‍സരത്തിനൊടുവിലാണ് യമാന്‍ഡൂ ഒര്‍സി യാഥാസ്ഥിതിക ഭരണസഖ്യത്തെ പുറത്താക്കി.
മധ്യ-വലത് ഭരണസഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി അല്‍വാരോ ഡെല്‍ഗാഡോ തന്റെ എതിരാളിയോട് പരാജയം സമ്മതിച്ചു. മുന്‍ ചരിത്ര അധ്യാപകനും ഉറുഗ്വേയുടെ ബ്രോഡ് ഫ്രണ്ട് സഖ്യത്തില്‍നിന്നും രണ്ട് തവണ മേയറുമായ നേതാവാണ് ഒര്‍സി.
‘സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും രാജ്യം ഒരിക്കല്‍ കൂടി വിജയിച്ചു’വെന്ന് അദ്ദേഹം പറഞ്ഞു. ‘കര്‍ശനമായ വോട്ടെടുപ്പിനുശേഷം 34 ലക്ഷം ജനങ്ങളുള്ള രാജ്യത്തെ ഒന്നിപ്പിക്കും. ഇന്ന് വ്യത്യസ്ത വികാരങ്ങളുള്ള നമ്മുടെ രാജ്യത്തിന് മറ്റൊരു ഭാഗധേയമുണ്ടെന്നും മനസ്സിലാക്കാം. ഒരു മികച്ച രാജ്യം കെട്ടിപ്പടുക്കാന്‍ എല്ലാ ആളുകളും സഹായിക്കേണ്ടതുണ്ട്’, അദ്ദേഹം പറഞ്ഞു.
ഭൂരിഭാഗം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ഡെല്‍ഗാഡോ 46 ശതമാനവും ഒര്‍സി 49 ശതമാനവും വോട്ടുകള്‍ നേടിയെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. ബാക്കിയുള്ളവര്‍ ഉറുഗ്വേയുടെ നിര്‍ബന്ധിത വോട്ടെടുപ്പിനെ ധിക്കരിച്ച് ശൂന്യ വോട്ടുകള്‍ രേഖപ്പെടുത്തുകയോ വിട്ടുനില്‍ക്കുകയോ ചെയ്തു.
കൊവിഡ് മഹാമാരിക്ക് ശേഷമുണ്ടായ സാമ്പത്തിക അസ്വാസ്ഥ്യത്തെക്കുറിച്ചുള്ള അതൃപ്തി നിഴലിച്ച തിരഞ്ഞെടുപ്പില്‍ ഓര്‍സിയുടെ വിജയം നിര്‍ണായകമാണ്. 2024ല്‍ നടന്ന നിരവധി തിരഞ്ഞെടുപ്പുകളില്‍ യുഎസും ബ്രിട്ടനും മുതല്‍ ദക്ഷിണ കൊറിയയും ജപ്പാനും വരെയുള്ള ഭരണകക്ഷികള്‍ പരാജയം നേരിട്ടിട്ടുണ്ട്.