Thu. Dec 26th, 2024

 

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ലഹരി മരുന്ന് കടത്തുകയായിരുന്ന ബോട്ട് തീര സംരക്ഷണ സേന പിടിച്ചെടുത്തു. അഞ്ച് ടണ്ണോളം ലഹരി മരുന്നാണ് മത്സ്യബന്ധന ബോട്ടില്‍നിന്ന് കണ്ടെത്തിയത്.

തീര സംരക്ഷണ സേനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വലിയ ലഹരിവേട്ട നടത്തുന്നതെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ മ്യാന്‍മര്‍ സ്വദേശികളായ ആറുപേരെ അറസ്റ്റ് ചെയ്തു.

5000 കിലോഗ്രാം മെത്താംഫെറ്റമിനാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. രണ്ട് കിലോ വീതമുള്ള 2500 പാക്കറ്റുകളാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്നതാണ് ഈ ലഹരി.

നവംബര്‍ 23ന് പോര്‍ട്ട് ബ്ലയറില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള ബാരന്‍ ദ്വീപിന് സമീപം ഒരു ബോട്ട് സംശയാസ്പദമായ രീതിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ വ്യോമനിരീക്ഷണത്തിനിടയില്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെ ഇവര്‍ക്ക് വേഗത കുറയ്ക്കാന്‍ മുന്നറിയിപ്പ് നല്‍കിയ പൈലറ്റ്, ആന്തമാന്‍ നിക്കോബാര്‍ കമാന്‍ഡിനെ വിവരമറിയിച്ചു. പിന്നാലെ പട്രോളിംഗ് ബോട്ടുകള്‍ മത്സ്യബന്ധന ബോട്ടിനെ ലക്ഷ്യമാക്കി എത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

‘ഇന്ത്യ കോസ്റ്റ് ഗാര്‍ഡ് മത്സ്യബന്ധന ബോട്ടില്‍നിന്നും അഞ്ച് ടണ്ണിന്റെ വമ്പന്‍ ലഹരിവേട്ടയാണ് ആന്റമാന്‍ തീരത്ത് നടത്തിയിരിക്കുന്നത്. ഇത് കോസ്റ്റ് ഗാര്‍ഡ് നടത്തിയ ഏറ്റവും വലിയ ലഹരി വേട്ടയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്’ എന്നാണ് മാധ്യമങ്ങളോട് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

ഇന്ത്യയെയും അയല്‍ രാജ്യങ്ങളെയും ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. 2019, 2022 വര്‍ഷങ്ങളിലും ഇന്ത്യന്‍ തീരത്തുനിന്നും ലഹരി പിടിച്ചെടുത്തിട്ടുണ്ട്.