റാഞ്ചി: ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറന്‍ നാലാം തവണയും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി നവംബര്‍ 28 ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവരുള്‍പ്പെടെ പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ പ്രധാന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.
ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചതോടെ സോറന്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ഉറപ്പായിരുന്നു. ജെഎംഎം, കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), സിപിഐ-എംഎല്‍ എന്നിവ ഉള്‍പ്പെടുന്ന സഖ്യം 81 അംഗ നിയമസഭയില്‍ 56 സീറ്റുകള്‍ നേടി.
ജെഎംഎം 34, കോണ്‍ഗ്രസ് 16, ആര്‍ജെഡി 4, സിപിഐ-എംഎല്‍ 2 എന്നിങ്ങനെ വിജയക്കൊടി നാട്ടിയാണ് ഇന്ത്യ ബ്ലോക്ക് സഖ്യത്തിന് തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തുന്നത്. ബിജെപിക്ക് ദയനീയ പരാജയമാണ് ഝാര്‍ഖണ്ഡില്‍ നേരിടേണ്ടി വന്നത്. 2000ല്‍ ഝാര്‍ഖണ്ഡ് രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും മോശം പ്രകടനങ്ങളിലൊന്നിനാണ് ബിജെപി സാക്ഷ്യം വഹിച്ചത്.