Tue. Dec 24th, 2024

 

ലണ്ടന്‍: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി യുകെയിലെത്തുന്ന പക്ഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കാമെന്ന സൂചന നല്‍കി യുകെ സര്‍ക്കാര്‍. യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) വ്യാഴാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

ഇസ്രയേല്‍ മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെതിരേയും അറസ്റ്റ് വാറന്റുണ്ട്. ഗാസയിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം ബോധപൂര്‍വം നിഷേധിച്ച്, നെതന്യാഹുവും ഗാലന്റും യുദ്ധക്കുറ്റം ചെയ്തെന്ന് മൂന്നംഗ ജഡ്ജിങ് പാനല്‍ ഏകപക്ഷീയമായി വിധിച്ചു.

ഗാസയില്‍ നടത്തിയ കൊലപാതകങ്ങളും പീഡനങ്ങളും മനുഷ്യരാശിക്കുനേരേയുള്ള കുറ്റകൃത്യമാണെന്നും വ്യക്തമാക്കി. നെതന്യാഹുവിന്റെ പേരില്‍ ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍ കരീം നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതിന്മേല്‍ വിചാരണ നടക്കവേയാണ് കോടതിവിധി. 2023 ഒക്ടോബര്‍ ഏഴിന്റെ ഇസ്രായേല്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഹമാസ് നേതാക്കള്‍ക്കെതിരേയും അറസ്റ്റ് വാറന്റുണ്ട്.

അതേസമയം, നെതന്യാഹുവിനെ യുകെ പോലീസ് അറസ്റ്റ് ചെയ്യുമോയെന്ന വിഷയത്തില്‍ വ്യക്തമായ പ്രതികരണത്തിന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ വക്താവ് തയ്യാറായില്ല. ആഭ്യന്തര-അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനുള്ള ബാധ്യത രാജ്യത്തിനുണ്ടെന്നും അതനുസരിച്ചായിരിക്കും എപ്പോഴും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ രൂപീകരണത്തിനായുള്ള അന്താരാഷ്ട്ര ഉടമ്പടി- റോം സ്റ്റാട്യൂട്ടില്‍ 1998 ലാണ് ബ്രിട്ടന്‍ ഒപ്പുവെച്ചത്. മൂന്ന് കൊല്ലത്തിനുശേഷം കരാറിന് ബ്രിട്ടന്‍ ഔദ്യോഗിക അംഗീകാരം നല്‍കുകയും ചെയ്തു. കുറ്റാരോപിതനെ അറസ്റ്റ് ചെയ്യുന്നതിനായി ഒരു സര്‍ക്കാര്‍ മന്ത്രിയ്ക്ക് ഐസിസിയുടെ അപേക്ഷ ലഭിക്കുന്നപക്ഷം ആ അപേക്ഷയും ബന്ധപ്പെട്ട രേഖകളും അനുയോജ്യമായ കോടതിയ്ക്ക് കൈമാറണമെന്ന് യു.കെയുടെ 2001 ലെ ഐസിസി നിയമം വ്യവസ്ഥ ചെയ്യുന്നു.

ഐസിസി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് പരിശോധിച്ച് ജുഡീഷ്യല്‍ ഉദ്യോഗസ്ഥന് രാജ്യത്തിലെവിടേയും ആ വാറന്റ് നടപ്പിലാക്കാനുള്ള അധികാരമുണ്ടെന്നും നിയമത്തില്‍ പറയുന്നു. അതേസമയം, ഐസിസി കുറ്റം ചുമത്തിയ ഒരു വ്യക്തിയും ഇതുവരെ യുകെ സന്ദര്‍ശിക്കാത്തതിനാല്‍ ഈ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു.