Sun. Dec 22nd, 2024

 

ഇംഫാല്‍: എല്ലാ കുക്കി-സോ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെയും നടപടിയെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ തീരുമാനിച്ച് മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍. നവംബര്‍ 11 ന് ജിരിബാമിലെ മയ്‌തേയ് ദുരിതാശ്വാസ ക്യാമ്പിലെ ആറ് അന്തേവാസികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഇംഫാല്‍ താഴ്വരയില്‍ പൊട്ടിപ്പുറപ്പെട്ട വ്യാപകമായ സംഘര്‍ഷാവസ്ഥ ശമിപ്പിക്കാന്‍ ലക്ഷ്യമിട്ടാണിത്.

പ്രശ്‌നപരിഹാരം വൈകുന്നതില്‍ കടുത്ത സമ്മര്‍ദ്ദമാണ് സര്‍ക്കാറിനുമേല്‍ ഉയരുന്നത്. തീരുമാനത്തെ തുടര്‍ന്ന് മണിപ്പൂര്‍ ഇന്റഗ്രിറ്റിയുടെ (കോകോമി) കോര്‍ഡിനേറ്റിങ് കമ്മിറ്റി നടത്തിവരുന്ന അനിശ്ചിതകാല കുത്തിയിരിപ്പ് സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

കുറഞ്ഞത് 256 പേരുടെ ജീവനെടുത്ത വംശീയ സംഘര്‍ഷം കൈകാര്യം ചെയ്യുന്നതിലുള്ള സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകളുടെ കഴിവില്ലായ്മക്കെതിരെ നവംബര്‍ 16 മുതല്‍ ഇംഫാലിലെ സ്ത്രീകള്‍ക്ക് മാത്രമുള്ള ഐക്കണിക് മാര്‍ക്കറ്റായ ഖൈ്വരംബാന്‍ഡ് ഇമ കൈതലില്‍ ‘കൊകോമി’ പ്രതിഷേധത്തിന് നേതൃത്വം നല്‍കിവരികയായിരുന്നു.

പ്രതിഷേധം താല്‍ക്കാലികമായി നിര്‍ത്തിവെച്ച കൊകോമിയുടെ നീക്കത്തെ ഇമ മാര്‍ക്കറ്റിലെ വനിതാ കച്ചവടക്കാര്‍ എതിര്‍ത്തതായാണ് വിവരം. തങ്ങളുടെ ഭാവി സമരം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ യോഗം ചേരുമെന്ന് അവര്‍ പറഞ്ഞു. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കൃത്യമായ നടപടികള്‍ ഉണ്ടാകുന്നത് വരെ സമരം തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും ഒരു കാരണത്തിനുവേണ്ടി ത്യാഗം സഹിക്കാന്‍ തയ്യാറാണെന്നും ഒരു കച്ചവടക്കാരി പ്രതികരിച്ചു.

ക്യാമ്പിലെ അന്തേവാസികളുടെ മരണത്തിന് ഉത്തരവാദികളായ കുക്കി തീവ്രവാദികളെ അടിച്ചമര്‍ത്തുന്നതിനുള്ള ഒരു പ്രധാന പ്രമേയം അവലോകനം ചെയ്തതായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് അറിയിച്ചതിനെത്തുടര്‍ന്നാണ് തങ്ങള്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം നിര്‍ത്തിവച്ചതെന്ന് ‘കൊകോമി’ വക്താവ് ഖുറൈജാം അത്തൗബ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ പൂട്ടിയിടുന്നതുള്‍പ്പെടെയുള്ള തീവ്രമായ പ്രക്ഷോഭം ആരംഭിക്കാനും എന്ത് നടപടി സ്വീകരിക്കുമെന്ന് കാണാനും ഞങ്ങള്‍ ഏഴ് ദിവസം കാത്തിരിക്കുമെന്നും അത്തൗബ പറഞ്ഞു. എംഎല്‍എമാരുടെ രാജിയും ആവശ്യപ്പെടും.

നവംബര്‍ 18ന് ചേര്‍ന്ന ഭരണകക്ഷിയായ എന്‍ഡിഎ എംഎല്‍എമാരുടെ യോഗമാണ് പ്രമേയം അംഗീകരിച്ചത്. അക്രമം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഭരണകക്ഷികളുടെ എംഎല്‍എമാര്‍ക്ക് ‘കൊകോമി’ നേരത്തെ 24 മണിക്കൂര്‍ സമയപരിധി നല്‍കിയിരുന്നു.

ആറ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍നിന്ന് ‘അഫ്സ്പ’ പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്യാനും കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ട തീവ്രവാദ സംഘടനകളെ ഏഴ് ദിവസത്തിനുള്ളില്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനും അന്വേഷണചുമതല എന്‍ഐഎയെ ഏല്‍പ്പിക്കാനുമുള്ള മന്ത്രിസഭാ തീരുമാനവും എംഎല്‍എമാര്‍ അംഗീകരിച്ചു.

അതേസമയം, അഞ്ച് മയ്‌തേയി ഭൂരിപക്ഷ താഴ്വര ജില്ലകളിലും രണ്ട് കുക്കി-സോ-ഭൂരിപക്ഷ ജില്ലകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് മൂന്നുദിവസത്തേക്ക് കൂടി നീട്ടി. സംസ്ഥാനത്ത് 70 കമ്പനി അധിക സേനയെ കേന്ദ്രം വിന്യസിച്ചിട്ടുണ്ട്.