Wed. Jan 22nd, 2025

 

ജയ്പൂര്‍: രാജസ്ഥാനിലെ അജ്മീറിലെ പ്രശസ്തമായ ഹോട്ടല്‍ ഖാദിമിന്റെ പേര് മാറ്റി ബിജെപി സര്‍ക്കാര്‍. സംസ്ഥാന ടൂറിസം കോര്‍പ്പറേഷന് കീഴിലുള്ള (ആര്‍ടിഡിസി) ഹോട്ടലിന്റെ പുതിയ പേര് ‘അജയ്‌മേരു’ എന്നാണ്.

ആര്‍ടിഡിസി മാനേജിങ് ഡയറക്ടര്‍ സുഷമ അറോറയാണ് കഴിഞ്ഞ തിങ്കാളാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലെ തീരുമാന പ്രകാരമാണ് പേരുമാറ്റം എന്നാണ് സുഷമ അറോറ പറയുന്നത്.

ഹോട്ടലിന്റെ പേര് മാറ്റാന്‍ അജ്മീറില്‍ നിന്നുള്ള എംഎല്‍എയും നിയമസഭാ സ്പീക്കറുമായ വാസുദേവ് ദേവ്നാനി നേരത്തെ ആര്‍ടിഡിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, തീരുമാനത്തിനെതിരെ അജ്മീര്‍ ദര്‍ഗ ഷരീഫ് ഖാദിം (സംരക്ഷന്‍) രംഗത്തെത്തി. നഗരത്തിന്റെ ചരിത്രം മായ്ച്ചുകളയാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അജ്മീര്‍ ദര്‍ഗയുടെ സൂക്ഷിപ്പുകാരനായ സയിദ് സര്‍വാര്‍ ചിഷ്തി പറഞ്ഞു.

പ്രമുഖ സൂഫി വര്യനായിരുന്ന ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ മഖ്ബറ ഉള്ളതിനാല്‍ ഈ നഗരം പ്രസിദ്ധമാണ്. ഖാദിം എന്ന പേര് ഇതിനോട് ബന്ധപ്പെട്ടാണ് ഉണ്ടായത്. ചരിത്രപരമായി തന്നെ ‘അജയ്മേരു’വെന്നാണ് അജ്മീറിനെ അറിയപ്പെട്ടിരുന്നത് എന്നാണ് സ്പീക്കര്‍ ദേവ്നാനി പറയുന്നത്.

വിനോദ സഞ്ചാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും ഇടയില്‍ പ്രശസ്തമായ ഹോട്ടലിന്റെ പേര് അജ്മീറിന്റെ സമ്പന്നമായ സാംസ്‌കാരിക ചരിത്രവും പൈതൃകവും സ്വത്വവും പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്നും സ്പീക്കര്‍ പറയുന്നു.

‘പൃഥ്വിരാജ് ചൗഹാന്റെ ഭരണകാലത്ത് അജയ്‌മേരു എന്ന പേരില്‍ അജ്മീര്‍ പ്രശസ്തമായിരുന്നു. പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങളിലും ചരിത്ര പുസ്തകങ്ങളിലും അജ്മീറിനെ അജയ്‌മേരു എന്ന് വിളിച്ചിരുന്നതെന്നും’, ദേവ്നാനി പ്രസ്താവനയിലൂടെ പറഞ്ഞു.

ഇതോടൊപ്പം അജ്മീറിലെ കിംഗ് എഡ്വേര്‍ഡ് മെമ്മോറിയലിന്റെ പേര് ഹിന്ദു തത്ത്വചിന്തകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യാനും ദേവനാനി നിര്‍ദേശിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, അജ്മീര്‍ ദര്‍ഗ ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന വാദവുമായി നേരത്തെ തന്നെ ഹിന്ദുത്വ സംഘടനകള്‍ രംഗത്തുണ്ട്. രാജസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാറാണ പ്രതാപ് സേനയാണ് ഈ വാദവുമായി രംഗത്തെത്തിയിരുന്നത്. ദര്‍ഗയുടെ ചരിത്രം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാറാണ പ്രതാപ് സേനാ പ്രസിഡന്റ് രാജ് വര്‍ധന്‍ സിങ് പാര്‍മര്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മക്ക് പരാതി നല്‍കിയിരുന്നു.