Wed. Jan 22nd, 2025

 

വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ച് എആര്‍ റഹ്‌മാന്‍. ആകെ തകര്‍ന്ന സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ തങ്ങളുടെ സ്വകാര്യത മാനിച്ചതിനും സുഹൃത്തുക്കള്‍ കാണിച്ച ദയയ്ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് റഹ്‌മാന്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാ കാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ഥം തേടുകയാണ്. ആകെ തകര്‍ന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു’, എന്നായിരുന്നു റഹ്‌മാന്റെ കുറിപ്പ്.

കഴിഞ്ഞ ദിവസമാണ് എആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും വേര്‍പിരിയാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവര്‍ക്കുമിടയിലെ വൈകാരികബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ഇത് ഏറെ പ്രയാസകരമായ തീരുമാനമാണെന്നും സൈറയുടെ അഭിഭാഷക പറഞ്ഞിരുന്നു.

ഇരുവരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. പരസ്പര സ്നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്താക്കുറിപ്പിലുണ്ടായിരുന്നു.

29 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് എആര്‍ റഹ്‌മാനും സൈറ ബാനുവും വേര്‍പിരിയുന്നത്. 1995 ലാണ് ഇരുവരും വിവാഹിതരായത്. ഖദീജ റഹ്‌മാന്‍, റഹീമ റഹ്‌മാന്‍, എആര്‍ അമീന്‍ എന്നിവരാണ് മക്കള്‍.