Wed. Jan 22nd, 2025

 

കോഴിക്കോട്: ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ വെച്ച് ഇടതുമുന്നണി സുന്നി പത്രങ്ങളിലെ പാലക്കാട്ട് എഡിഷനില്‍ പ്രസിദ്ധീകരിച്ച വിവാദ പരസ്യത്തില്‍ പ്രതികരിച്ച് സമസ്ത. ഏതെങ്കിലും മുന്നണിയെയോ, പാര്‍ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന പാരമ്പര്യമില്ലെന്ന് സമസ്ത വ്യക്തമാക്കി.

പാലക്കാട് നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രഭാതം പത്രത്തില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ പിപി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സെക്രട്ടറി എംടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസമാണ് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ഇരു സുന്നി വിഭാഗങ്ങളുടെയും മുഖപത്രങ്ങളായ സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍ പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ഒരു പരസ്യം നല്‍കിയിട്ടില്ല.

ബിജെപി മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും വക്താവുമായ സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ പത്രപരസ്യമായി നല്‍കിയാണ് വോട്ടെടുപ്പിന്റെ തലേദിവസം എല്‍ഡിഎഫിന്റെ വോട്ടഭ്യര്‍ഥന. ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ കഷ്ടം’എന്ന തലക്കെട്ടിലാണ് സന്ദീപ് വാര്യരുടെ ചിത്രം നല്‍കിയുള്ള പരസ്യം.

ഒറ്റനോട്ടത്തില്‍ പരസ്യമെന്ന് തിരിച്ചറിയാത്ത രീതിയില്‍ പത്രത്തിന്റെ ഉള്ളടക്കമെന്ന് തോന്നിക്കുന്ന വിധമാണ് ഇതുള്ളത്. സന്ദീപിന്റെ പഴയ പല വിവാദ പരാമര്‍ശങ്ങളും ഉള്‍ക്കൊള്ളിച്ച് ‘സരിന്‍ തരംഗം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പരസ്യം കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുന്നതാണ്.