അങ്കാറ: ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ച് തുര്‍ക്കി. കോപ്29 കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവിലേക്ക് പോകാനാണ് ഹെര്‍സോഗ് തുര്‍ക്കിയോട് വ്യോമാതിര്‍ത്തി മുറിച്ചുകടക്കാന്‍ അനുമതി തേടിയത്.
അനുമതി നിഷേധിച്ച വാര്‍ത്ത തുര്‍ക്കി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ശനിയാഴ്ച ഇസ്രായേല്‍ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.
ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് തുര്‍ക്കി-ഇസ്രായേല്‍ ബന്ധം വഷളായിരുന്നു. ഇസ്രായേലിനെതിരെ ശക്തമായ നിലപാടെടുക്കുന്ന നേതാവാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് ഉര്‍ദുഗാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ അടക്കം അഭിപ്രായപ്പെട്ടപ്പോള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെക്കൊണ്ട് വംശഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് എര്‍ദോഗാന്‍ പറഞ്ഞിരുന്നു.
ഈ വര്‍ഷമാദ്യം, ഫലസ്തീനെ പിന്തുണച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായേലിനെതിരായി ഫയല്‍ ചെയ്ത വംശഹത്യ കേസില്‍ തുര്‍ക്കി ഇടപെട്ടിരുന്നു. ടെല്‍ അവീവിനെതിരെ ലോക രാജ്യങ്ങള്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്നും തുര്‍ക്കി വാദിച്ചിരുന്നു.
ഇസ്രായേലിലേക്കുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കയറ്റുമതി ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നവംബറില്‍ ഐക്യരാഷ്ട്രസഭയില്‍ തുര്‍ക്കി ആരംഭിച്ച ആയുധ ഉപരോധ ആഹ്വാനത്തിന് 52 രാജ്യങ്ങളും രണ്ട് അന്താരാഷ്ട്ര സംഘടനകളും പിന്തുണ അറിയിച്ചതായി എര്‍ദോഗന്‍ അവകാശപ്പെട്ടിരുന്നു.