Wed. Dec 18th, 2024

 

ചെന്നൈ: വിവാദങ്ങള്‍ക്കിടെ നയന്‍താരയെ കുറിച്ചുള്ള ഡോക്യുമെന്ററി സ്ട്രീമിങ് ആരംഭിച്ചു. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലാണ് ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ റിലീസ് ചെയ്തത്. നയന്‍താരയുടെ പിറന്നാള്‍ ദിനത്തിലാണ് റിലീസ്.

വിവാദങ്ങള്‍ക്ക് കാരണമായ നാനും റൗഡി താന്‍ ചിത്രത്തിലെ ബിഹൈന്‍ഡ് ദി സീന്‍സ് ദൃശ്യങ്ങളും അടങ്ങിയതാണ് പുറത്തുവന്ന ഡോക്യുമെന്ററി.

നയന്‍താരയുടെ ജീവിത കഥ പറയുന്ന ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം 1.22 മണിക്കൂറാണ്. അമിത് കൃഷ്ണനാണ് സംവിധാനം. ഗൗതം വാസുദേവ മേനോന്റെ പേരാണ് നേരത്തെ സംവിധായക സ്ഥാനത്ത് കേട്ടിരുന്നത്.

സിനിമാ ജീവിതത്തിന്റെ തുടക്കം മുതല്‍ മക്കളുടെ വിശേഷങ്ങള്‍ വരെയാണ് ഡോക്യുമെന്ററിയിലുള്ളത്. വിവാഹത്തിന്റെ ഇതുവരെ പുറത്തുവരാത്ത ദൃശ്യങ്ങളും ഡോക്യുമെന്ററിയിലുണ്ട്.

നേരത്തെ, ഡോക്യുമെന്ററിയിലെ ഒരു ഭാഗത്തെ ചൊല്ലി വലിയ വിവാദമുണ്ടായിരുന്നു. നയന്‍താരയുടെ പങ്കാളി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ അണിയറ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയുടെ ടീസറിലുണ്ടായിരുന്നു. ഇത് ഉപയോഗിച്ചതിനെതിരെ ഈ ചിത്രത്തിന്റെ നിര്‍മാതാവ് ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചു. ഇതിന് നയന്‍താര നല്‍കിയ മറുപടി വലിയ വിവാദമായിരുന്നു.