മലപ്പുറം: മുനമ്പം വിഷയത്തില്‍ വിശദീകരണവുമായി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടികെ ഹംസ. മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ ചീഫ് എക്സിക്യുട്ടീഫ് ഓഫീസര്‍ക്ക് അധികാരം നല്‍കിയത് പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ കാലത്താണ്. തന്റെ അറിവോടെയല്ല നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിന് പിന്നിലെ താല്‍പര്യം പരിശോധിക്കണമെന്നും ടികെ ഹംസ പറഞ്ഞു.
‘ബോര്‍ഡിനോടും ചെയര്‍മാനോടും ആലോചിക്കാതെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ ചീഫ് എക്സിക്യുട്ടീഫ് ഓഫീസര്‍ക്ക് അധികാരം നല്‍കിയത് റഷീദലി ശിഹാബ് തങ്ങളുടെ സമയത്താണ്. അത് കഴിഞ്ഞ് ആറ് മാസം കഴിഞ്ഞാണ് താന്‍ ചെയര്‍മാനായ പുതിയ ഭരണസമിതി അധികാരത്തിലെത്തുന്നത്. മുനമ്പം വിഷയത്തില്‍ നേരത്തെ നടന്ന കാര്യങ്ങളുടെ തുടര്‍ച്ചയായുള്ള കാര്യങ്ങളാണ് തന്റെ കാലത്ത് നടന്നത്.
തന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചത് ശരിയായില്ല. കേരളത്തിലെ മുഴുവന്‍ വഖഫ് സ്വത്തുക്കളെക്കുറിച്ചും പരിശോധിക്കാനാണ് നിസാര്‍ കമീഷനെവെച്ചത്. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണോയെന്ന് തീരുമാനിക്കാനുള്ള അധികാരം വഖഫ് ബോര്‍ഡിനാണെന്നാണ് അദ്ദേഹം രേഖാമൂലം അറിയിച്ചത്. തുടര്‍ന്ന് റഷീദലി തങ്ങള്‍ ചെയര്‍മാനായ ബോര്‍ഡ് ഇത് വഖഫ് ഭൂമിയായി രജിസ്റ്റര്‍ ചെയ്തു.
2020 ജനുവരിയിലാണ് ഞാന്‍ ചെയര്‍മാനായത്. പഴയ ഉത്തരവനുസരിച്ചാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രവര്‍ത്തിച്ചത്. നോട്ടീസ് അയക്കുന്ന കാര്യംതന്നെ അറിയിച്ചിട്ടില്ല. സ്ഥല ഉടമകളുടെ ഭൂനികുതി അടയ്ക്കുന്നത് തടഞ്ഞത് കോടതിയാണ്. മുനമ്പം വിഷയത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും’ ടി കെ ഹംസ പറഞ്ഞു.
ടികെ ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നപ്പോള്‍ ആണ് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത് എന്ന് റഷീദലി ശിഹാബ് തങ്ങളാണ് പറഞ്ഞത്. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് വഖഫ് ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം വന്നതെന്നും റഷീദലി തങ്ങള്‍ പറഞ്ഞിരുന്നു.