Sat. Jan 18th, 2025

 

ചെന്നൈ: നടന്‍ ധനുഷിനെതിരെ രൂക്ഷവിമര്‍ശനവുമായി നയന്‍താര. ധനുഷ് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന ആളാണെന്നും ആരാധകര്‍ക്ക് മുന്നില്‍ കാണിക്കുന്ന നിഷ്‌കളങ്ക മുഖമല്ല ധനുഷിന് ഉള്ളതെന്നും നയന്‍താര കുറ്റപ്പെടുത്തി.

മുഖം മൂടി അണിഞ്ഞാണ് ലോകത്തിന് മുന്നില്‍ ധനുഷ് നടക്കുന്നത്. ലോകം എല്ലാവര്‍ക്കും ഉള്ളതാണ്. സിനിമ പാരമ്പര്യമില്ലാത്ത ഒരാള്‍ വലിയ വിജയങ്ങള്‍ നേടുന്നത് നല്ലതാണെന്ന് മനസിലാക്കണമെന്നും നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പുറത്തുവിട്ട തുറന്ന കത്തില്‍ പറയുന്നു.

നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യാനിരിക്കുന്ന നയന്‍താര-വിഘ്‌നേശ് ശിവന്‍ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ ‘നാനും റൗഡി താന്‍’ലെ ചില ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നയന്‍താരക്ക് 10 കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് നയന്‍താരയുടെ രൂക്ഷഭാഷയിലുള്ള പ്രതികരണം. 10 കോടി ആവശ്യപ്പെട്ടുള്ള ധനുഷിന്റെ വക്കീല്‍ നോട്ടീസ് കണ്ട് തന്റെ ഹൃദയം തകര്‍ന്നെന്ന് നയന്‍താര പറയുന്നു.

നയന്‍താരയെ നായികയാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമ നിര്‍മിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. ഈ സിനിമയുടെ ചില ബിഹൈന്‍ഡ് ദ സീന്‍ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയച്ചത്.

വെറും മൂന്ന് സെക്കന്‍ഡ് ദൃശ്യം ഉപയോഗിച്ചതിനാണ് ധനുഷ് 10 കോടിയുടെ നോട്ടീസ് അയച്ചതെന്നും അദ്ദേഹത്തിന് തന്നോടും വിഘ്‌നേഷിനോടും പകയാണെന്നും നയന്‍താര തുറന്നടിച്ചു. ‘ചിത്രത്തിലെ ഗാന രംഗങ്ങളോ ഫോട്ടോഗ്രാഫുകളോ പോലും ഉപയോഗിക്കാന്‍ നിങ്ങള്‍ അനുമതി നിഷേധിച്ചു. എന്തിനാണ് ഇത്ര പക’, നയന്‍താര ചോദിച്ചു.

നയന്‍താരയുടെ കത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍

നിരവധി തെറ്റായ കാര്യങ്ങള്‍ ശരിയാക്കാന്‍ വേണ്ടിയുള്ള തുറന്ന കത്താണിത്. നിങ്ങളുടെ അച്ഛന്റെയും മികച്ച സംവിധായകനായ സഹോദരന്റെയും പിന്തുണയും അനുഗ്രഹവുമുള്ള താങ്കളെപ്പോലുള്ള ഒരു നല്ല നടന്‍, ഇത് വായിച്ച് മനസ്സിലാക്കേണ്ടതുണ്ട്. നമുക്കെല്ലാവര്‍ക്കും അറിയാവുന്ന സിനിമ എന്നെപ്പോലുള്ളവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. ഈ വ്യവസായത്തില്‍ യാതൊരു ബന്ധവുമില്ലാത്ത സെല്‍ഫ് മെയ്ഡായ സ്ത്രീയാണ് ഞാന്‍. ഇന്നത്തെ സ്ഥാനത്തേക്ക് എത്താന്‍ ഏറെ പാടുപെടേണ്ടി വന്ന ഒരാളാണ് ഞാന്‍. എന്നെ അറിയുന്നവരെ സംബന്ധിച്ച് ഇതൊരു രഹസ്യമല്ല.

എന്റെ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയുടെ റിലീസ് ഞാന്‍ മാത്രമല്ല, എന്റെ നിരവധി ആരാധകരും അഭ്യുദയകാംക്ഷികളും ഏറെ കാത്തിരുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പ്രോജക്റ്റ് മുന്നോട്ടുകൊണ്ടുപോവാന്‍ സിനിമാ സുഹൃത്തുക്കളും മുഴുവന്‍ ടീമും വേണ്ടി വന്നു.

സിനിമയ്ക്കെതിരെയും, എന്നോടും എന്റെ പങ്കാളിയോടും നിങ്ങള്‍ തീര്‍ക്കുന്ന പ്രതികാരം ഞങ്ങളെ മാത്രമല്ല, ഈ പ്രോജക്റ്റിനായി അവരുടെ പരിശ്രമവും സമയവും നല്‍കിയ ആളുകളെയും ബാധിക്കുന്നതാണ്. എന്നെയും എന്റെ ജീവിതത്തെയും എന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഈ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ ഇന്‍ഡസ്ട്രിയിലെ അഭ്യുദയകാംക്ഷികളില്‍ പലരുടെയും ക്ലിപ്പുകളും ഒന്നിലധികം സിനിമകളില്‍ നിന്നുള്ള ഓര്‍മ്മകളും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ ചിത്രമായ നാനും റൗഡി താനും ഉള്‍പ്പെടുത്തിയിട്ടുമില്ല.

ഞങ്ങളുടെ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി റിലീസിന് നിങ്ങളുടെ എന്‍ഒസി (നോണ്‍ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) കിട്ടാനായി നീണ്ട രണ്ടുവര്‍ഷമാണ് കാത്തിരുന്നത്. എന്നാല്‍ നിങ്ങളത് അനുവദിക്കാന്‍ വിസമ്മതിച്ചതിനാല്‍, നിലവിലെ പതിപ്പ് ഉപേക്ഷിക്കാനും വീണ്ടും എഡിറ്റ് ചെയ്യാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. നാനും റൗഡി താനിലെ പാട്ടുകളോ ദൃശ്യങ്ങളോ ഫോട്ടോഗ്രാഫുകളോ ഉപയോഗിക്കാന്‍ ഒന്നിലധികം തവണ അഭ്യര്‍ത്ഥിച്ചിട്ടും നിങ്ങള്‍ അനുവദിച്ചില്ല.

ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഇപ്പോഴും ആളുകള്‍ കേട്ട് അഭിനന്ദിക്കുന്നുണ്ട്. അത് ഞങ്ങളെ സംബന്ധിച്ച് വിലമതിക്കപ്പെടുന്ന ഒന്നാണ്. കാരണം ആ വരികള്‍ വന്നത് യഥാര്‍ത്ഥ വികാരങ്ങളില്‍ നിന്നാണ്. ഞങ്ങളുടെ ഡോക്യുമെന്ററിയില്‍ ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇതിലും മികച്ച പാട്ടുകള്‍ ഇല്ലെന്നറിഞ്ഞുകൊണ്ട് തന്നെ, നിങ്ങളതിനു വിസമ്മതിച്ചപ്പോള്‍ എന്റെ ഹൃദയം തകര്‍ത്തു.

ബിസിനസ്സ് നിര്‍ബന്ധങ്ങളാലോ പണസംബന്ധമായോ പ്രശ്‌നങ്ങളോ ആണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ അതു മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ താങ്കളുടെ ഈ തീരുമാനം ഞങ്ങളോടുള്ള വ്യക്തിപരമായ വിദ്വേഷം തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്നും നിങ്ങള്‍ ഇത്രയും കാലം മനപ്പൂര്‍വ്വം മൗനം പാലിക്കുകയായിരുന്നു എന്നറിയുന്നത് വേദനാജനകമാണ്.

നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് ശേഷം ലഭിച്ച നിങ്ങളുടെ വക്കീല്‍ നോട്ടീസ് അതിലും ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങളുടെ സ്വകാര്യ ഉപകരണങ്ങളില്‍ ചിത്രീകരിച്ച ചില വീഡിയോകളുടെ, വെറും 3 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളവയുടെ ഉപയോഗത്തെ നിങ്ങള്‍ ചോദ്യം ചെയ്തതു കണ്ട് ഞങ്ങള്‍ ഞെട്ടിപ്പോയി.

കേവലം 3 സെക്കന്‍ഡിനുള്ള നഷ്ടപരിഹാരമായി കോടികള്‍. ഇത് വളരെ മോശമായി പോയി. ഇത് നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുന്നു. ഓഡിയോ ലോഞ്ചുകളില്‍ ചിത്രീകരിക്കപ്പെടുന്ന നിങ്ങളുടെ പകുതിയെങ്കിലും നന്മ നിങ്ങള്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ നിങ്ങള്‍ പ്രസംഗിക്കുന്നത് നിങ്ങള്‍ ചെയ്യുന്നില്ല, കുറഞ്ഞത് എന്റെയും എന്റെ പങ്കാളിയുടെയും കാര്യത്തില്‍.

നിങ്ങളുടെ നിയമപരമായ അറിയിപ്പ് എനിക്ക് ലഭിച്ചു. നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ ഞങ്ങള്‍ അതിനോട് ഉചിതമായി പ്രതികരിക്കും. ഞങ്ങളുടെ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിക്ക് വേണ്ടി നാനും റൗഡി താന്റെ ഘടകങ്ങള്‍ ഉപയോഗിക്കുന്നതിന് എന്‍ഒസി നല്‍കാനുള്ള നിങ്ങളുടെ വിസമ്മതം പകര്‍പ്പവകാശത്തിന്റെ കോണില്‍നിന്ന് നിങ്ങള്‍ കോടതിയില്‍ ന്യായീകരിച്ചേക്കാം. എന്നാല്‍ അതിന് ഒരു ധാര്‍മ്മിക വശമുണ്ടെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ കോടതിയില്‍ അത് പ്രതിരോധിക്കേണ്ടതുണ്ട്.

സിനിമ പുറത്തിറങ്ങി ഏകദേശം 10 വര്‍ഷമായി. ലോകത്തിന് മുന്നില്‍ മറ്റൊരു മുഖവുമായി തുടരുന്നു. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ നിങ്ങളുടെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായതും ഇന്നും എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു സിനിമയുമായിരുന്ന ഒന്നിനെക്കുറിച്ച് നിങ്ങള്‍ പറഞ്ഞ എല്ലാ ഭയാനകമായ കാര്യങ്ങളും ഞാന്‍ മറന്നിട്ടില്ല.

റിലീസിന് മുമ്പായി നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ ഇതിനകം ഞങ്ങള്‍ക്ക് ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. സിനിമ ബ്ലോക്ക്ബസ്റ്റര്‍ ആയതിന് ശേഷം അത് താങ്കളുടെ ഈഗോയെ വല്ലാതെ വേദനിപ്പിച്ചതായി സിനിമാ വൃത്തങ്ങളില്‍നിന്ന് ഞാന്‍ മനസ്സിലാക്കി. ഈ സിനിമയുമായി ബന്ധപ്പെട്ട അവാര്‍ഡ് ചടങ്ങുകളിലൂടെ (ഫിലിംഫെയര്‍ 2016) അതിന്റെ വിജയത്തെക്കുറിച്ചുള്ള നിങ്ങളുടെ അതൃപ്തി സാധാരണക്കാര്‍ക്ക് പോലും വ്യക്തമാണ്.

പൊതുജീവിതത്തിലെ പ്രമുഖ വ്യക്തികള്‍ മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ വലിയ തോതില്‍ കൈകടത്തുന്നില്ല. തമിഴ്‌നാട്ടിലെ ജനങ്ങളോ ശരിയായ മനസാക്ഷിയുള്ളവരോ അത്തരം സ്വേച്ഛാധിപത്യത്തെ അഭിനന്ദിക്കില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു, അത് നിങ്ങളെപ്പോലുള്ള ഒരു സ്ഥാപിത വ്യക്തിത്വത്തില്‍ നിന്നാണെങ്കിലും.