Wed. Dec 18th, 2024

 

ഡെറാഡൂണ്‍: ഉത്തരാഖണ്ഡലെ പ്രശസ്തമായ ‘ഡൂണ്‍’ സ്‌കൂള്‍ കാമ്പസിനകത്തെ പഴയ മഖ്ബറ ഹിന്ദുത്വ സംഘടനകളിലെ അംഗങ്ങളെന്ന് സംശയിക്കുന്നവര്‍ പൊളിച്ചുനീക്കി. അടുത്തിടെ നിര്‍മിച്ചതാണെന്ന് അവകാശപ്പെട്ട് ഏറെ പഴക്കമുള്ള നിര്‍മിതി പൊളിച്ചുകളയുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ഡൂണ്‍ സ്‌കൂള്‍ അധികൃതര്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് വിവരം. പിക്കാസും ചുറ്റികയുമായി അഞ്ചുപേര്‍ ശവകുടീരം പൊളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്നിട്ടും ജില്ലാ ഭരണകൂടം ശക്തമായ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.

രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് ഡെറാഡൂണ്‍ ജില്ലാ മജിസ്ട്രേറ്റ് സവിന്‍ ബന്‍സാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘അത് സ്‌കൂള്‍ അതിര്‍ത്തിക്കുള്ളിലെ മൂലയില്‍ ഉണ്ടായിരുന്ന ഒരു പഴയ മഖ്ബറയായിരുന്നു. ഇത് പൊളിക്കുന്നതിന് ഞങ്ങള്‍ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ദിവസങ്ങള്‍ക്കുമുമ്പ് ചിലര്‍ മതില്‍വഴി കയറി മഖ്ബറ പൊളിച്ചുമാറ്റി. വെള്ളിയാഴ്ച നടന്ന സംഭവം അറിഞ്ഞയുടന്‍ ഞാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ അയച്ചു. എന്നാല്‍, ആര്‍ക്കെതിരെയും സ്‌കൂള്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളിലൊന്നായ ‘ഡൂണ്‍’ സ്‌കൂളിന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, അദ്ദേഹത്തിന്റെ മകനും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, മണിശങ്കര്‍ അയ്യര്‍, നവീന്‍ പട്‌നായിക്, കമല്‍നാഥ്, എഴുത്തുകാരായ വിക്രം സേത്ത്, അമിതാവ് ഘോഷ്, രാമചന്ദ്ര ഗുഹ മാധ്യമപ്രവര്‍ത്തകരായ കരണ്‍ ഥാപ്പര്‍, പ്രണോയ് റോയ് തുടങ്ങിയ ശ്രദ്ധേയരായ പൂര്‍വ വിദ്യാര്‍ഥികളുടെ നീണ്ട ചരിത്രമുണ്ട്.

ഇന്ത്യയിലെ ഏറ്റവും സമ്പന്നരും സ്വാധീനമുള്ളവരുമായ കുടുംബങ്ങളിലെ കുട്ടികള്‍ പഠിക്കുന്നതിനാല്‍ കാമ്പസ് അതീവ സുരക്ഷാ മേഖലയാണ്. ഡെറാഡൂണിലെ ആണ്‍കുട്ടികള്‍ക്കായുള്ള ബ്രിട്ടീഷ് കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ബോര്‍ഡിംഗ് സ്‌കൂളാണിത്.

സ്‌കൂളിന്റെ അതിര്‍ത്തിക്കകത്തുള്ള മഖ്ബറ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയെയും അധികാരികളെയും അടുത്തിടെ കണ്ടിരുന്നുവെന്ന് ഹിന്ദു സംഘടനാ നേതാവ് സ്വാമി ദര്‍ശന്‍ ഭാരതി പറഞ്ഞു.

‘ആരു ചെയ്താലും പൊളിക്കലിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. എന്തിന് ഒരു സ്‌കൂളിനുള്ളില്‍ ഒരു ശവകുടീരം ഉണ്ടാകണം? അതും ‘ഡൂണ്‍’ പോലെയുള്ള ഒരു അഭിമാനകരമായ സ്‌കൂളിന്റെ ചുവരുകള്‍ക്കുള്ളില്‍. ഇത് സംസ്ഥാനത്തെ ‘ഭൂ ജിഹാദിന്റെ’ വ്യാപ്തി കാണിക്കുന്നു’, ഉത്തരാഖണ്ഡ് രക്ഷാ അഭിയാന്‍ സ്ഥാപകയായ ഭാരതി പറഞ്ഞു.

അതേസമയം, മഖ്ബറ നിലകൊള്ളുന്ന സ്‌കൂളിന്റെ ഭാഗം ഒരു കാലത്ത് തങ്ങളുടെ സ്വത്തായിരുന്നുവെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് അവകാശപ്പെട്ടു. രേഖകള്‍ പ്രകാരം പ്രസ്തുത പ്രദേശത്തെ 57 ഏക്കര്‍ ഭൂമി ഞങ്ങളുടേതാണ്. എന്നാല്‍ അതിന്റെ നിലവിലെ സ്ഥിതി അറിയില്ല, ഒരു വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്‌കൂളിനോട് ചേര്‍ന്നുള്ള ഭൂമിയുടെ വലിയൊരു ഭാഗം ഇപ്പോഴും വഖഫ് ബോര്‍ഡിന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.