Wed. Jan 22nd, 2025

 

കൊച്ചി: കാലങ്ങളായി മറ്റ് മതവിഭാഗങ്ങള്‍ താമസിച്ചുവരുന്ന സ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍ എന്നിവയില്‍ വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ലാന്‍ഡ് ജിഹാദാണെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ശോഭാ കരന്തലജെ.

പ്രണയം നടിച്ച് മറ്റ് മതവിഭാഗങ്ങളിലെ യുവതി യുവാക്കളെ ഇസ്ലാമാക്കാന്‍ ശ്രമിക്കുന്ന ലൗ ജിഹാദ് പോലെയാണ് ഇതെന്നും മന്ത്രി പറഞ്ഞു. മുനമ്പത്ത് വഖഫ് അധിനിവേശത്തിനെതിരെ ഭൂസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന റിലെ നിരാഹാര സമരം സന്ദര്‍ശിച്ച് സംസാരിക്കുകയുമായിരുന്നു മന്ത്രി.

1954ല്‍ 10000 ഏക്കറില്‍ താഴെ ഭൂമിയുണ്ടായിരുന്ന വഖഫ് ബോര്‍ഡിന് ഇന്ന് 38 ലക്ഷം ഏക്കര്‍ ഭൂമിയാണുള്ളത്. ഇതെങ്ങനെ ഉണ്ടായി എന്ന് വ്യക്തമാക്കാന്‍ ബോര്‍ഡ് തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ മാത്രമല്ല രാജ്യമാസകലം കര്‍ഷകന്റെയും ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിക്കുകയാണ്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങളും വ്യാപകമായി നടക്കുകയാണ്. നീതിനിഷേധിക്കപ്പെടുന്നവര്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാര്‍ നിലകൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.