Wed. Jan 22nd, 2025

 

അങ്കാറ: ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍. ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി ഭരണകൂടം തീരുമാനിച്ചത്.

അസര്‍ബൈജാനില്‍ നിന്നുള്ള വിമാന യാത്രയ്ക്കിടയില്‍ എര്‍ദോഗാന്‍ ഒരു മാധ്യമപ്രവര്‍ത്തകനോടാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

‘റജബ് ത്വയ്യിബ് എര്‍ദോഗാന്റ നേതൃത്വത്തിലുള്ള തുര്‍ക്കി റിപ്പബ്ലിക് ഇസ്രായേലുമായി ഒരു ബന്ധവും തുടരില്ല. ഞങ്ങളുടെ ഭരണസഖ്യം ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നു. ഭാവിയിലും ഇത് അപ്രകാരം തന്നെ തുടരും,’ എര്‍ദോഗന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗാസയില്‍ ഇസ്രായേല്‍ അധിനിവേശവും വംശഹത്യയും ആരംഭിച്ചത് മുതല്‍ ഇസ്രായേലിന് നേരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന നാറ്റോ രാജ്യമാണ് തുര്‍ക്കി. ഇക്കഴിഞ്ഞ മേയില്‍ ഇസ്രായേലിനുമേല്‍ തുര്‍ക്കി വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും നയതന്ത്ര ബന്ധം തുടരുകയായിരുന്നു.

ഇതിന്റെ ഭാഗമായി തങ്ങളുടെ അംബാസിഡറെ ഇസ്രായേലില്‍ നിന്ന് തുര്‍ക്കി തിരിച്ച് വിളിച്ചിരുന്നു. എന്നാല്‍ അന്ന് നയതന്ത്രബന്ധം പൂര്‍ണമായി അവസാനിപ്പിച്ചിരുന്നില്ല. സമാനമായി ഇസ്രായേലും പ്രാദേശിക സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം അങ്കാറയിലെ ഇസ്രായേല്‍ എംബസി ഒഴിപ്പിച്ചിരുന്നു.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ അടക്കം അഭിപ്രായപ്പെട്ടപ്പോള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെക്കൊണ്ട് വംശഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് എര്‍ദോഗാന്‍ പറഞ്ഞിരുന്നു.

ഈ വര്‍ഷമാദ്യം, ഫലസ്തീനെ പിന്തുണച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായേലിനെതിരായി ഫയല്‍ ചെയ്ത വംശഹത്യ കേസില്‍ തുര്‍ക്കി ഇടപെട്ടിരുന്നു. ടെല്‍ അവീവിനെതിരെ ലോക രാജ്യങ്ങള്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്നും തുര്‍ക്കി വാദിച്ചിരുന്നു.

ഇസ്രായേലിലേക്കുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കയറ്റുമതി ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നവംബറില്‍ ഐക്യരാഷ്ട്രസഭയില്‍ തുര്‍ക്കി ആരംഭിച്ച ആയുധ ഉപരോധ ആഹ്വാനത്തിന് 52 രാജ്യങ്ങളും രണ്ട് അന്താരാഷ്ട്ര സംഘടനകളും പിന്തുണ അറിയിച്ചതായി എര്‍ദോഗന്‍ അവകാശപ്പെട്ടിരുന്നു.